ഫ്ലാറ്റിൽ യുവതി ക്രൂര പീഡനത്തിനിരയായ കേസിൽ പ്രതി മാര്‍ട്ടിന്‍ ജോസഫിന്‍റെ സാമ്പത്തിക വിവരങ്ങള്‍ തേടി പൊലീസ്.

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതി ക്രൂര പീഡനത്തിനിരയായ കേസിൽ പ്രതിയായ മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക വിവരങ്ങള്‍ പോലീസ് അന്വോഷിക്കുന്നു . ബാങ്കുകള്‍ക്ക് പോലീസ് നോട്ടീസ് കൊടുത്തു . മാര്‍ട്ടിന്‍റെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയത്. 2 ബാങ്കുകളില്‍ നിന്നാണ് പൊലീസ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതി മാര്‍ട്ടിന്‍ ജോസഫ് 5 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. കൊച്ചിയില്‍ നിരവധി ഫ്ലാറ്റുകൾ വാടയ്‌ക്കെടുത്തിരുന്ന മാര്‍ട്ടിന്‍ ആഡംബര വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതും. വലിയ സാമ്പത്തികമോ കാര്യമായ ജോലിയോ ഇല്ലാതിരുന്ന മാര്‍ട്ടിന്‍ ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിന്റെ പ്രാഥമിക നടപടിയെന്ന നിലയിലാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്. മാര്‍ട്ടിന് രണ്ട് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ത്യശൂരിലെ ബാങ്കുകളിലാണ് അക്കൗണ്ടുകള്‍. പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കി. മണി ചെയിന്‍ ഇടപാടുകളിലടക്കം മാര്‍ട്ടിന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഇതിലൂടെ അന്വേഷണ സംഘത്തിന് കണ്ടെത്താനാകും.

മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമെ കേസില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭ്യമാകുകയുള്ളു. ഇതിനായി 5 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും. യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിനെ ഈ മാസം ഇരുപത്തിമൂന്നാം തിയതി വരെയാണ് കോടതി റിമാന്‍ഡ് ചെയ്തിരിയ്ക്കുന്നത്. നേരത്തെ മാര്‍ട്ടിന്‍ താമസിച്ചിരുന്ന ഫ്ലാറ്റിലുള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

മാർട്ടിൻ ജോസഫിനെതിരെ പരാതിയുള്ളവർ സമീപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പൊലീസ് അറിയിപ്പ് നൽകിയിരുന്നു. കേസന്വേഷിക്കുന്ന എറണാകുളം സെൻട്രൽ പൊലീസ് ആണ് അറിയിപ്പ് പുറത്തിറക്കിയത്. മാർട്ടിൻ ശാരീരികമായി ഉപദ്രവിക്കുകയോ സാമ്പത്തികമായിതട്ടിപ്പ് നടത്തി പണം തട്ടിയെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാനാണ് പൊലീസിന് നിർദ്ദേശം.

വിവരങ്ങൾ അറിയിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നമ്പറും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാർട്ടിൻ ജോസഫിനെതിരെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിനു പിന്നാലെ മറ്റൊരു യുവതിയും പരാതി നൽകിയിരുന്നു. ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചെന്നായിരുന്നു പരാതി. മാർട്ടിനെതിരെ കൂടുതൽ കേസുകൾ വരാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാലാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചത്. മാർട്ടിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയിൽ നിന്നും പൊലീസ് സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

 

Top