സ്വന്തം ലേഖകൻ
കോട്ടയം: സുഹൃത്തിനോടൊപ്പം കോളേജിൽ എത്തിയ പെൺകുട്ടികളെ സദാചാര പൊലീസ് ചമഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു സദാചാര ഗുണ്ടകളുടെ ആക്രമണം. കോളജിലെ മൂന്നാം വർഷ വിദ്യാർഥികളായ മൂവാറ്റുപുഴ സ്വദേശിയായ ആരതി, ചങ്ങനാശേരി സ്വദേശി ആത്മജ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ കോളേജ് കാമ്പസിലായിരുന്നു ആക്രമണം. ആക്രമണത്തിനു നേതൃത്വം നൽകിയവരിൽ കോളജിനു പുറത്തു നിന്നുള്ളവരുമുണ്ടായിരുന്നതായി ആരോപണമുണ്ട്. കോളജിൽ ആരതിയെ കാണാനെത്തിയ പൂർവ വിദ്യാർഥികളിൽ ഒരാൾ എത്തിയിരുന്നു. ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.എഫ്. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി. ഇതിനെ ആരതിയും മറ്റു രണ്ടു വിദ്യാർഥിനികളും ചോദ്യം ചെയ്തു. തുടർന്ന് ഇവർക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വിദ്യാർഥിനികളുടെ മുടിയിൽ പിടിച്ചുവലിച്ചതായി പരാതിയുണ്ട്. തുടർന്നു വിദ്യാർഥിനികൾ ജില്ലാ ആശുപത്രിയിലും ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
അംബേദ്കർ സ്റ്റുഡന്റ് അസോസിയേഷനുമായി ചേർന്നു പ്രവർത്തിച്ചിരുന്നതും രണ്ടു മാസം മുമ്പ് എസ്.എഫ്.ഐ. നേതാക്കളെ കോളജിനുള്ളിൽ തടഞ്ഞ സംഭവത്തിലും ൾപ്പെട്ടിരുന്നതും പ്രകോപന കാരണമായതായി വിദ്യാർഥിനികൾ പറയുന്നു.
എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജയ്ൻരാജ്, അരവിന്ദ്, പ്രദീപ്, ശരത്ശശി, അഖിൽ ചന്ദ് എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരേയും വിദ്യാർഥിനികളുടെ പരാതിയുടെ കേസ് എടുത്തതായി ചിങ്ങവനം പോലീസ് പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നു എസ്.എഫ്.ഐ. നേതാക്കൾ അറിയിച്ചു.


