ജെ.എന്‍.യു കമ്യൂണിസ്റ്റ് കേന്ദ്രം,ദേശവിരുദ്ധത അനുവദിക്കില്ല.രക്തച്ചൊരിച്ചിലിന് പിന്നില്‍ ഹിന്ദുരക്ഷാദള്‍; സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു രക്ഷാ ദള്‍ ഏറ്റെടുത്തു. മുഖംമറച്ച് ക്യാമ്പസിലെത്തിയ സംഘമാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ജെ.എന്‍.യു ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്. ഇത് സഹിക്കാനാവില്ലെന്നും അതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നും ഹിന്ദു രക്ഷാ ദള്‍ നേതാവ് വ്യക്തമാക്കി.ഹിന്ദു രക്ഷാ ദള്‍ നേതാവായ ഭൂപേന്ദ്ര തോമര്‍ എന്ന പിങ്കി ചൌധരി ഒരു വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്-

“ജെ.എന്‍.യു കമ്യൂണിസ്റ്റ് കേന്ദ്രമാണ്. അത്തരം കേന്ദ്രങ്ങള്‍ അനുവദിക്കാനാവില്ല. അവര്‍ നമ്മുടെ രാജ്യത്തെയും മതത്തെയും കളങ്കപ്പെടുത്തുന്നു. നമ്മുടെ മതത്തോടുള്ള അവരുടെ നിലപാട് ദേശവിരുദ്ധമാണ്. വേറെ യൂണിവേഴ്സിറ്റികളില്‍ ആരെങ്കിലും ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും ഞങ്ങള്‍ ഇത് തന്നെ ചെയ്യും”.ജെഎൻയു ആക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരവെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദുരക്ഷാദള്‍ രംഗത്തുവന്നിരിക്കുന്നത്.

“അവർ നമ്മുടെ രാജ്യത്ത് ജീവിക്കുന്നു. ഇവിടെ ഭക്ഷിക്കുന്നു. ഇവിടെ വിദ്യാഭ്യാസം നേടുന്നു. പക്ഷെ അവർ ദേശവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നു. ജെ.എൻ.യുവിൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയവരെല്ലാം ഞങ്ങളുടെ പ്രവർത്തകരാണ്. രാജ്യത്തിനുവേണ്ടി ജീവിതം ഹോമിക്കാൻ ഞങ്ങൾ എപ്പോഴും തയാറാണ്”– എന്നും വീഡിയോയില്‍ തോമര്‍ പറയുന്നു.

ജെ.എൻ.യുവില്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടും പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമം പൊലീസും സർവകലാശാലയിലെ സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

Top