സ്വന്തം ലേഖകൻ
ഗ്രേറ്റർ നോയിഡയിൽ നിന്ന് കാണാതായി ബിഹാറിലെ പട്നയ്ക്ക് അടുത്തു നിന്ന് പൊലീസ് പിടികൂടിയ വിദ്യാർത്ഥിനികൾ ലഹരിയിലായിരുന്നെന്ന് പോലീസ്. മലയാളി പെൺകുട്ടിയും കൂട്ടുകാരിയുമാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായത്. ലഹരിയുടെ അബോധാവസ്ഥയിലാണ് ഇരുവരേയും പൊലീസ് കണ്ടെത്തിയത്. ഗ്രേറ്റർ നോയിഡ പൈ സെക്ടറിലെ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മക്കളെയാണ് തിങ്കളാഴ്ച വൈകിട്ട് കാണാതായത്. ഇതോടെ പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ ഇന്നലെ ഇതിൽ ഒരു കുട്ടി അച്ഛനെ വിളിച്ചു. എന്നാൽ ഫോൺ പെട്ടെന്ന് കട്ടാവുകയും ചെയ്തു. ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു ഇത്. പിന്നീട് അച്ഛൻ വിളിച്ചപ്പോൾ എടുത്തത് മറ്റൊരാളായിരുന്നു. കുട്ടികൾ തന്റെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നുവെന്ന് അയാൾ പറഞ്ഞു. കുട്ടികൾ പാട്നയ്ക്ക് മുമ്പുള്ള സ്റ്റേഷനിൽ ഇറങ്ങിയെന്നും അറിയിച്ചു. ഇതോടെ പൊലീസ് ഈ ഭാഗത്ത് അന്വേഷണം തുടങ്ങി.
ഇതിനിടെയാണ് ലഹരിയിൽ അബോധാവസ്ഥയിലായ കുട്ടികളെ പൊലീസ് കണ്ടെത്തിയത്. ഇരുവരും അബോധാവസ്ഥയിലായിരുന്നുവെങ്കിലും അച്ഛന്റെ ഫോൺ നമ്പർ ഒരു കുട്ടി ഓർത്തെടുത്തു. ഇതോടെ പൊലീസ് അച്ഛനെ ബന്ധപ്പെടുകയും ചെയ്തു. ഇവർ ഗ്രേറ്റർ നോയിഡയിൽ നിന്ന് ബസിലാണ് യാത്ര തുടങ്ങിയത്. പിന്നീട് ഹൗറയിലേക്കുള്ള ഹിമഗിരി എക്സ്പ്രസിൽ കയറിയെന്നാണ് സൂചന. കേന്ദ്രീയ വിദ്യാലയയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജലി. സ്തുതി ഒൻപതിൽ പഠിക്കുന്നു. അപാർട്മെന്റിനു പുറത്തുള്ള കടയിലേക്കു വൈകിട്ട് ഏഴോടെയാണ് ഇരുവരും പോയത്. പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു.
ഫോട്ടോ എടുക്കാനും സാധനങ്ങൾ വാങ്ങുന്നതിനുമായിട്ടാണ് രണ്ടു പെൺകുട്ടികളും തിങ്കളാഴ്ച വീട്ടിൽ നിന്നിറങ്ങിയത്. പെൺകുട്ടികളെ കാണാതായ വഴിയിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമായിരുന്നു. തൊട്ടടുത്ത മാർക്കറ്റിലേക്ക് പോയ ഇവർ രാത്രി എട്ടുമണിയായിട്ടും തിരിച്ചുവന്നില്ല. തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടികൾ സാധനങ്ങൾ വാങ്ങിയ ശേഷം തിരിച്ചുപോയെന്ന് വ്യാപാരി മൊഴി നൽകിയിരുന്നു.
വീട്ടിലേക്കുള്ള വഴിയാണ് ഇവരെ കാണാതായതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. ഇൻഫോമാറ്റിക് അപ്പാർട്ട്മെന്റിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അഞ്ജലിയുടെ പിതാവ് ബിനുരാജും അപ്പാർട്ടമെന്റിലെ ചില വിദ്യാർത്ഥിനികളും തമ്മിൽ അടുത്തിടെ തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനായിരുന്നു റെയ്ഡ്. അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് ബിഹാറിൽ നിന്ന് വിവരം ലഭിച്ചത്.


