മഴയ്ക്ക് വേണ്ടി സർക്കാർ ചെലവിൽ യാഗം; ഇന്ദ്രനെ പ്രസാദിപ്പിച്ച് മഴ പെയ്യിക്കുമെന്ന് ഗുജറാത്ത് സർക്കാർ  

ഗാന്ധിനഗർ: മൺസൂൺ സമയത്ത് നല്ല മഴ ലഭിക്കാനായി ഗുജറാത്ത് സർക്കാർ യാഗങ്ങൾ സംഘടിപ്പിക്കുന്നു. കടുത്ത വേനലിനെ തുടർന്ന് ജലദൗർലഭ്യം രൂക്ഷമായതോടെയാണ് മൺസൂണിൽ ശക്തമായ മഴ ലഭിക്കാനായി ഗുജറാത്ത് സർക്കാർ ദൈവങ്ങളെ ആശ്രയിക്കുന്നത്. നല്ല മഴയ്ക്കായി സംസ്ഥാനത്തെ 41 സ്ഥലങ്ങളിൽ മെയ് 31ന് പർജന്യ യാഗം സംഘടിപ്പിക്കാനാണ് ഗുജറാത്ത് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

യാഗത്തിലൂടെ മഴദൈവമായ ഇന്ദ്രനെയും ജലദൈവമായ വരുണനെയും പ്രസാദിപ്പിക്കാനാകുമെന്നാണ് ബിജെപി സർക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും മുഖ്യമന്ത്രി വിജയ് രൂപാനിയും മന്ത്രിമാരും വിശ്വസിക്കുന്നു. കടുത്ത വേനലിൽ സംസ്ഥാനത്തെ ജലാശയങ്ങളെല്ലാം വറ്റിവരണ്ടതോടെയാണ് മണ്‍സൂണിൽ ശക്തമായ മഴ ലഭിക്കാനായി യാഗങ്ങൾ സംഘടിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ 33 ജില്ലാ ആസ്ഥാനങ്ങളിലും എട്ട് പ്രധാന നഗരങ്ങളിലും മെയ് 31ന് യാഗം നടത്താനാണ് തീരുമാനം. ആകെ 41 കേന്ദ്രങ്ങളിലായി നടക്കുന്ന പർജന്യ യാഗത്തിന് ലക്ഷങ്ങൾ ചിലവ് വരുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ സംസ്ഥാന സർക്കാരിന്റെ പൊതുഖജനാവിൽ നിന്ന് പണം ചിലവഴിച്ച് നടത്തുന്ന യാഗത്തിന് കൃത്യം എത്രരൂപ ചിലവാകുമെന്ന് സംബന്ധിച്ച് വ്യക്തതയില്ല.
മഴദൈവമായ ഇന്ദ്രനെയും ജലദൈവമായ വരുണനെയും പ്രസാദിപ്പിക്കുന്നതിലൂടെ വരുന്ന മണ്‍സൂണിൽ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

യാഗം കഴിയുന്നതോടെ മഴ പെയ്യുമെന്നും, ഇതിലൂടെ നദികളും തടാകങ്ങളും നിറഞ്ഞുകവിയുമെന്നും ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സുജലം സുഫലം ജല അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് യാഗവും സംഘടിപ്പിക്കുന്നത്.  മെയ് 23 ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മഴയ്ക്കായി യാഗം സംഘടിപ്പിക്കാൻ തീരുമാനമായത്. ആകെ 41 കേന്ദ്രങ്ങളിൽ നടക്കുന്ന യാഗത്തിന് ശേഷം പൊതുജനങ്ങൾക്ക് പ്രസാദം വിതരണം ചെയ്യും. മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, മറ്റു മന്ത്രിമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ യാഗങ്ങളിൽ പങ്കെടുക്കും. ഇതോടൊപ്പം യാഗകേന്ദ്രങ്ങളിൽ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

ഇത്തവണത്തെ വേനലിൽ ഗുജറാത്തിൽ ജലദൗർലഭ്യം രൂക്ഷമായിരുന്നു. സംസ്ഥാനത്തെ 204 ഡാമുകളിൽ മിക്കതിലും വെള്ളത്തിന്റെ അളവ് കുറഞ്ഞു. ഡാമുകളിൽ ആകെ സംഭരണശേഷിയുടെ 29 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകുന്നതും ആവശ്യമായ മഴ ലഭിക്കാത്തതും 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമോ എന്നാണ് സർക്കാരിന്റെ ഭയം. ഈ സാഹചര്യത്തിലാണ് യാഗങ്ങളിലൂടെ മഴ പെയ്യിച്ച് വരൾച്ച മറികടക്കുമെന്ന് ബിജെപി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Top