കോട്ടയത്ത് ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; കാറും സ്റ്റുഡിയോയും അടിച്ചു തകർത്തു

സ്വന്തം ലേഖകൻ

കോട്ടയം: ചെങ്ങളത്ത് സ്റ്റുഡിയോയ്ക്കും മാരുതി വാനിനും നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. വാനിന്റെ ചില്ലും സ്റ്റുഡിയോയുടെ ബോർഡും അക്രമി സംഘം എറിഞ്ഞു തകർത്തു. ആക്രമണം നടത്താൻ ഉപയോഗിച്ച സോഡാക്കുപ്പികൾ പരിസരത്ത് ചിതറിക്കിടപ്പുണ്ട്.
ഇന്നലെ പുലർച്ചെ ഒന്നരയോടെ ചെങ്ങളം വായനശാലയ്ക്കു സമീപത്തെ വൃന്ദാവൻ സ്റ്റുഡിയോയും, ഇതിനോടു ചേർന്ന് പാർക്ക് ചെയ്തിരുന്ന മാരുതി ഒമിനി വാനുമാണ് അക്രമി സംഘം തകർത്തത്.
ചെങ്ങളം മണ്ണാന്തറയിൽ പുഷ്പദാസിന്റെ കെട്ടിടത്തിലാണ് കേരള കോൺഗ്രസ് നേതാവ് ബിറ്റു വൃന്ദാവന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. ഈ സ്റ്റുഡിയോയുടെ മുറ്റത്താണ് പുഷ്പദാസിന്റെ മാരുതി ഒമിനി വാൻ പാർക്ക് ചെയ്തിരുന്നത്. രാത്രി ഒന്നരയോടെ ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ആക്രമണം നടന്നത് കണ്ടെത്തിയത്. രണ്ടു ബൈക്കുകൾ ഓടിച്ചു പോകുന്ന ശബ്ദം കേട്ടതായും വീട്ടുകാർ പൊലീസിനു മൊഴി നൽകി. ഈ ബൈക്കിൽ എത്തിയവരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു.  പുഷ്പദാസിന്റെയും ബിറ്റുവിന്റെയും പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുമരകം എസ്.ഐ ജി.രജൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top