ചികിത്സാ സഹായം ആവശ്യപ്പെട്ട പോസ്റ്റിലും അശ്ലീല കമന്റ്..! സിനിമാ താരങ്ങൾ ആക്രമണത്തിന് ഇരയാകുന്നത് തുടരുന്നു; ഇക്കുറി ഇരയായത് യുവതാരം മീനാക്ഷി

കൊച്ചി: സിനിമാ നടിമാരുടെയും താരങ്ങളുടെയും വാളുകളും പോസ്റ്റുകളും സ്ഥിരമായി നിരന്തരം ആക്രമണത്തിന് ഇരയാകുന്നതാണ്. തങ്ങൾക്ക് എന്തും പറയാനുള്ള വേദിയാണ് ഇത്തരത്തിൽ സെലിബ്രിട്ടികളുടെ വാളുകൾ എന്നാണ് ഒരു വിഭാഗത്തിന്റെ കരുതൽ. ഇതു തന്നെയാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തു വന്നിരിക്കുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയ്ക്കു സഹായം ആവശ്യപ്പെട്ടതിനാണ് യുവ നടി മീനാക്ഷിയ്ക്കു നേരെ സൈബർ ആക്രമണം ഉണ്ടായത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുടെ കുട്ടിയാണ് ഇതെന്നും പനി കൂടി കുഞ്ഞിന്റെ തലച്ചോറിന്റെ ഒരു ഭാഗം തളർന്നുപോയെന്നും മീനാക്ഷി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

സാമ്പത്തികമായി മോശം അവസ്ഥയിലുള്ള സിനിമാ പ്രവർത്തകന്റെ കുട്ടിയെ കഴിയുംവിധം സഹായിക്കണമെന്നും നടി പറയുന്നുണ്ട്. മീനാക്ഷിയുടെ പോസ്റ്റ് വായിച്ച് അതിനോട് അനുകൂലമായി പ്രതികരിച്ച് നിരവധി പേർ കമന്റുകളുമായി എത്തിയപ്പോൾ നടിയുടെ സദുദ്ദേശത്തെ അധിക്ഷേപിക്കാനാണ് മറ്റൊരാൾ ശ്രമിച്ചത്.

കോടികൾ പ്രതിഫലം വാങ്ങുന്നവർ സിനിമാ മേഖലയിൽ ഉള്ളപ്പോൾ ‘മലയാളിയുടെ ചാരിറ്റിയുടെ മാത്ര’മേ ചികിത്സിക്കുകയുള്ളോ എന്നാണ് ഇയാൾ കമന്റിലൂടെ ചോദിച്ചത്. ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടാൻ നടിക്ക് ആവശ്യത്തിലധികം തൊലിക്കട്ടി വേണ്ടതുണ്ടെന്നും ഇയാൾ തന്റെ കമന്റിലൂടെ പറയുന്നുണ്ട്. അതേസമയം ഇദ്ദേഹത്തിന്റെ മോശം കമന്റിന് ചുട്ട മറുപടി നൽകാൻ ഒട്ടും താമസിയാതെ മീനാക്ഷിയെത്തി.

യുവനടിയുടെ മറുപടി കമന്റ് ചുവടെ:

‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാൻ ചെയ്തിട്ടുണ്ട്. വലിയ വലിയ സിനിമക്കാരുടെ മുൻപിലൊക്കെ എത്തിക്കാൻ കാത്തിരുന്നാൽ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ല.’

ശേഷം, കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം ലഭിച്ചുവെന്നും ഇനി ആരും പണം അയക്കേണ്ടതില്ലെന്നും വ്യക്തമാക്കിക്കൊണ്ട് നടി മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടി താൻ മുമ്പ് ഇട്ട പോസ്റ്റ് നീക്കം ചെയ്യുകയാണെന്നും നടി പറഞ്ഞു.

Top