നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ ആരോഗ്യനില മോശമാണെന്ന് റിപ്പോർട്ട്. അമിതമായ സമ്മർദ്ദത്തെ തുടർന്ന് ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ദിലീപിന്റെ പ്രധാന ആരോഗ്യപ്രശ്നം.
കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലാണ് വാർത്ത നൽകിയിരിക്കുന്നത്. അമിതമായ മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ ചെവിയിലേക്കുള്ള ഞെരമ്പുകളിൽ സമ്മർദ്ദം കൂടുകയും, ഇതുകാരണം ഫ്ലൂയിഡ് കൂടി ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് ജയിലിലെ ഡോക്ടറെത്തി ദിലീപിന് മരുന്ന് നൽകിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
മരുന്ന് നൽകിയിട്ടും കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്ന് ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നു. എന്നാൽ സുരക്ഷാപ്രശ്നങ്ങൾ കാരണം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് ഡോക്ടർമാർ ഇടയ്ക്കിടെ ജയിലിലെത്തി ദിലീപിനെ പരിശോധിക്കുന്നുണ്ട്.
ജയിലിൽ ഡോക്ടർമാർ പരിശോധനയ്ക്കെത്തിയപ്പോൾ ദിലീപ് ശരിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നുവെന്ന് സൂചനകളുണ്ട്.


