കല്ല്യാണ വീടുകളിലും ആശുപത്രികളിലും മോഷണം നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന മോഷണ കുടുംബത്തെ പോലീസ് പിടികൂടി

കോഴിക്കോട്: മോഷണം സ്ഥിരം തൊഴിലാക്കിമാറ്റിയ കുടുംബത്തെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളടക്കം ഒരു കുടുംബത്തിലെ നാലു പേരാണ് പോലീസിന്റെ പിടിയിലായത്.

ആശുപത്രി, ഓഡിറ്റോറിയം, കല്യാണ മണ്ഡപങ്ങള്‍, ഷോപ്പിങ് മാളുകള്‍, തിരക്കേറിയ കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ മോഷണം. തലശ്ശേരി കായിയത്ത് റോഡില്‍ ഷാജഹാന്‍ മന്‍സിലില്‍ റഫീഖ് (49), റഫീഖിന്റെ മാതാവ് കുഞ്ഞാമിന (65), ഭാര്യ ഷാജിദ (40), റഫീഖിന്റെ സഹോദര ഭാര്യ റസ്ല (40) എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. മോഷണത്തിനു ശേഷം ട്രെയിന്‍ കാത്ത് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ നിരീക്ഷണത്തിലായ മോഷണസംഘം കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സിഐ ജലീല്‍ തോട്ടത്തില്‍, എസ്.ഐമാരായ ഹബീബുള്ള, കെ അയ്യപ്പന്‍, എഎസ്‌ഐമാരായ മോഹന്‍ദാസ്, പ്രകാശന്‍, സിപിഒമാരായ സജീവന്‍, പി.ആര്‍ ബൈജു, സാജില, പ്രസീത എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരുടെ മോഷണരീതി പുറത്തറിയുന്നത്. എന്നാല്‍ ഇവര്‍ പൂര്‍ണമായും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സഹകരിച്ചിട്ടില്ല.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം. ഒരു ദിവസം ഒരു ജില്ലയിലാണെങ്കില്‍ ഒരാഴ്ച കഴിഞ്ഞേ പിന്നെ അവിടെ പോവുകയുള്ളൂ. ഓരോ യാത്രയില്‍ അഞ്ചും ആറും കേന്ദ്രങ്ങളില്‍ വരെ ഇവര്‍ മോഷണത്തിനായി കയറാറുണ്ടത്രെ. വര്‍ഷങ്ങളായി ഇവര്‍ മോഷണരംഗത്തുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. എന്നാല്‍ ഇവര്‍ പിടിക്കപ്പെടാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. കുട്ടികളുടെ ആഭരണവും വിലപിടിപ്പുള്ള വസ്തുക്കളുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. ഇതിനാല്‍ തന്നെ മോഷണം നടത്തി മുങ്ങിയാല്‍ ഇവര്‍ പിടിക്കപ്പെടാറുമില്ല. കല്ല്യാണ വീടുകളിലും തിരക്കേറിയ കച്ചവട സ്ഥാപനങ്ങളുമാണ് സംഘത്തിന്റെ പ്രധാന തട്ടകങ്ങള്‍. ആശുപത്രി കേന്ദ്രീകരിച്ചു തുടര്‍ച്ചയായി നടത്തിയ മോഷണമാണ് ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഇടയാക്കിയത്. കുട്ടികളുടെ മാല പൊട്ടിച്ച ശേഷം സംഘം കടന്നുകളഞ്ഞത് സിസി ടിവി ക്യാമറയില്‍ പതിഞ്ഞതോടെ പ്രതികള്‍ക്കു വേണ്ടി പൊലീസ് വല വീശുകയായിരുന്നു.

ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവിലായിരുന്നു സംഘം മറ്റൊരു മോഷണം നടത്തി മടങ്ങും വഴി കോഴിക്കോട് വച്ച് പൊലീസ് കയ്യോടെ പിടികൂടിയത്. രണ്ടു തവണയും കോഴിക്കോട് മിംസ് ആശുപത്രിയില്‍ കുട്ടികളുടെ ആഭരണമായിരുന്നു ഇവര്‍ മോഷ്ടിച്ചത്. നാലുപേരുടെ ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിരുന്നു. മിംസ് ആശുപ്രത്രിയിലെ പീഡിയാട്രിക് ഒ.പി ബ്ലോക്കിലെ കുട്ടികള്‍ക്ക് കളിക്കാനുള്ള മുറിയില്‍ കടന്നുകയറിയാണ് ഇവര്‍ കുട്ടികളുടെ ദേഹത്തുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചിരുന്നത്. ഈ മുറിയിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളാണ് പ്രധാന തെളിവ്. മാര്‍ച്ച് 24ന്, അഭിഭാഷകയായ അജിതയുടെ മകളുടെ ഒന്നരപ്പവന്റെ മാല മോഷ്ടിച്ച ശേഷം സംഘം കടന്നുകളഞ്ഞിരുന്നു.

ഇതോടെ അഭിഭാഷക പരാതിയുമായി രംഗത്തുവന്നതോടെ മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ആശുപത്രിയില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ കയറുന്നതിന്റെ ക്യാമറദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. ഈ ദൃശ്യത്തില്‍നിന്ന് ഇവര്‍ യാത്രചെയ്ത ഓട്ടോറിക്ഷ തിരിച്ചറിയുകയും ഡ്രൈവറുടെ മൊഴിയെടുക്കുകയും ചെയ്തു. പ്രതികള്‍ റെയില്‍വെ സ്റ്റേഷന്റെ നാലാം പ്ലാറ്റ്‌ഫോമിലേക്കാണ് ഓട്ടോറിക്ഷ വിളിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സ്ത്രീകള്‍ തലശ്ശേരിക്കും പുരുഷന്‍ വടകരയ്ക്കുമാണ് ടിക്കറ്റെടുത്തതെന്നു വ്യക്തമായി.

ഇതോടെ പ്രതികള്‍ക്കുവേണ്ടിയുള്ള വലവീശല്‍ വിപുലപ്പെടുത്തി. ഇതിനിടെയായിരുന്നു തിങ്കളാഴ്ച വീണ്ടും മിംസ് ആശുപത്രിയില്‍ തന്നെ ഇതേ സംഘം മോഷണം നടത്തിയെന്ന് വിവരം ലഭിച്ചു. ഉടന്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയ പൊലീസ് നാലുപേരെയും കയ്യോടെ പിടികൂടുകയായിരുന്നു. കണ്ണൂര്‍ കാപ്പിറ്റല്‍ മാളില്‍ ഈ സംഘം മോഷണം നടത്തിയതായി പൊലീസില്‍ വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ക്കെതിരെ എത്ര കേസുകളുണ്ടെന്നും സംഘത്തില്‍ മാറ്റാരൊക്കെ ഉണ്ടെന്നുമുള്ള വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

Top