ശ്രീറാം കേസില്‍ പൊലീസിന്റെ തൊലിയുരിഞ്ഞ് ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനും രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് തെളിവ് കൊണ്ടുവന്ന് തരുമെന്ന് കരുതിയോ…

അപകടം ഉണ്ടായാല്‍ ഇങ്ങനെയാണോ തെളിവ് ശേഖരിക്കേണ്ടതെന്നും തെളിവ് അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി പൊലീസിനോട് ചോദിച്ചു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. മജിസ്‌ട്രേറ്റ് കോടതി നല്‍കിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. അതിനാല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രം ആണെന്നിരിക്കെ ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. തെളിവു നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ബോധപൂര്‍വ്വം ശ്രമിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top