പമ്പയില്‍ വസ്‌ത്രം ഉപേക്ഷിച്ചാല്‍ ആറ്‌ വര്‍ഷം തടവ്‌ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കൊച്ചി: പമ്പാനദി മലിനമാക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌. നദി നിയമപ്രകാരം ഇത്തരക്കാര്‍ക്ക്‌ ആറു വര്‍ഷം വരെ തടവു ശിക്ഷ നല്‍കാന്‍ വ്യവസ്‌ഥയുണ്ടെന്ന്‌ ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.ആചാരത്തിന്‍െറ പേരിലാണെങ്കില്‍പോലും പമ്പ മലിനമാക്കുന്നവര്‍ക്കെതിരെ ജല നിയമം (വാട്ടര്‍ ആക്ട്) അനുസരിച്ച് നടപടിയെടുത്ത് ശിക്ഷിക്കണമെന്നും പമ്പയില്‍ മലിനീകരണ നിരോധം പ്രഖ്യാപിക്കണമെന്നുംഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ജലസ്രോതസ്സുകളുടെ മലിനീകരണം ഒരുവര്‍ഷം മുതല്‍ ആറുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. ശബരിമല മണ്ഡലം-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച ദേവസ്വം ബോര്‍ഡ് കേസുകളാണ് കോടതി പരിഗണിച്ചത്.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലവിലെ ആചാരമെന്ന നിലയിലാണ് ഭക്തര്‍ ദര്‍ശനത്തിനുശേഷം ധരിച്ചിരുന്ന വസ്ത്രങ്ങളും കൈവശമുള്ള സാധനങ്ങളും പമ്പയിലേക്ക് വലിച്ചെറിയുന്നത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആചാരം നടത്താന്‍ ബാധ്യതയോ അനുമതിയോ നിലവിലില്ല. മതവിശ്വാസം സൂക്ഷിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും മതപ്രചാരണത്തിനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അതേസമയം, പൊതുസമാധാനത്തിന്‍െറയും ധാര്‍മികതയുടെയും ആരോഗ്യത്തിന്‍െറയും സംരക്ഷണത്തിന് വിധേയമായി മാത്രമേ ഈ സ്വാതന്ത്ര്യത്തിന് നിലനില്‍പുള്ളൂ. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവക്ക് എതിരാകാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ ധരിച്ചിരുന്ന വസ്ത്രമുള്‍പ്പെടെ പുഴയില്‍ വലിച്ചെറിയുന്നത് അംഗീകരിക്കാനാവില്ല.
പമ്പാ നദി അതിവേഗം മലിനീകരിക്കപ്പെടുന്നെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ട്. ഇത് തുടര്‍ന്നാല്‍ പുഴയുടെ നാശമാകും ഫലം. പമ്പാ നദി നിലനിര്‍ത്താന്‍ ഫലപ്രദമായ നിയന്ത്രണസംവിധാനം വേണം. ഇക്കാര്യത്തില്‍ ഭരണഘടനാ ബാധ്യതകള്‍ നിര്‍വഹിക്കണം. ഈ സാഹചര്യത്തില്‍, പമ്പയില്‍ തള്ളുന്ന മാലിന്യം ജീര്‍ണിക്കുന്നതോ അല്ലാത്തതോ ആണോയെന്ന് വിലയിരുത്താതെതന്നെ നിയമലംഘകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് ശിക്ഷ നല്‍കണം. മലിനീകരണം നടക്കുന്നില്ളെന്ന് പൊലീസിന്‍െറ സഹായത്തോടെ മലിനീകരണ നിയന്ത്രണബോര്‍ഡ് ഉറപ്പുവരുത്തണം. മലിനീകരണം തടയാന്‍ നിരോധ ഉത്തരവ് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പുറപ്പെടുവിക്കണം. പ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്, പമ്പാ നദി ഒഴുകുന്ന മേഖലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ശബരിമല സ്പെഷല്‍ കമീഷണറേറ്റിലെ എക്സിക്യൂട്ടിവ് ഓഫിസര്‍ എന്നിവര്‍ ജാഗ്രത പുലര്‍ത്തണം. മലിനീകരണ നിരോധവും നിയന്ത്രണവും സംബന്ധിച്ച് തീര്‍ഥാടകരെയും പൊതുജനങ്ങളെയും അറിയിക്കാനും ബോധവത്കരിക്കാനും നടപടി വേണം. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ പബ്ളിസിറ്റി വിഭാഗം പരസ്യ ബോര്‍ഡുകളുള്‍പ്പെടെ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top