കഴിഞ്ഞ വര്‍ഷം ബിഗ് ബോസിന്റെ വായില്‍ പഴമായിരുന്നോ? ബിഗ് ബോസിനോട് ഹിമ ശങ്കറിനുള്ള ചോദ്യം ഇതാണ്.

ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ത്ഥിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന രജിത് കുമാര്‍ കഴിഞ്ഞ ദിവസം പുറത്തേക്ക് പോയിരുന്നു.രജിത് പുറത്തേക്ക് പോയതില്‍ കടുത്ത വിമര്‍ശനവുമായി ആരാധകര്‍ എത്തിയിരുന്നു. പശ്ചാത്താപത്തോടെ അദ്ദേഹം ക്ഷമാപണം നടത്തിയതല്ലേ, തിരിച്ചെടുക്കാമായിരുന്നില്ലേ, തുടങ്ങിയ ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. രേഷ്മ, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. താരങ്ങളും ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. രജിത് പുറത്തായതിന്റെ സങ്കടത്തെക്കുറിച്ചായിരുന്നു പലരും പറഞ്ഞത്. ഈ വിഷയത്തില്‍ പ്രതികരണവുമായി ഹിമ ശങ്കറും എത്തിയിരുന്നു.

ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിച്ചിരുന്നു ഹിമ ശങ്കര്‍. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു ഹിമ പറഞ്ഞത്. ലൈവ് വീഡിയോയിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം ബിഗ് ബോസിന്റെ വായില്‍ പഴമായിരുന്നോ, ഈ നീതി കഴിഞ്ഞ വര്‍ഷം നടപ്പാക്കാഞ്ഞത് എന്തുകൊണ്ടാണെന്നും ഹിമ ചോദിച്ചിരുന്നു. ഫേക്കായി നില്‍ക്കുന്നവര്‍ക്ക് വിജയിക്കാന്‍ പറ്റുന്ന ഷോയാണ് ബിഗ് ബോസ്. റിയലായി നില്‍ക്കുന്നവര്‍ ഔട്ടാവുമെന്നും താരം പറയുന്നു.

രജിത് എന്ന വ്യക്തിയോട് തനിക്ക് താല്‍പര്യമില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ഗെയിം സ്പിരിറ്റ് ഇഷ്ടമാണ്. മോഹന്‍ലാലിനോടോ ഏഷ്യാനെറ്റിനോടോ അല്ല തനിക്ക് ചോദിക്കാനുള്ളത് ബിഗ് ബോസ് ഷോയിലെ ഒഫീഷ്യല്‍സിനോടാണ്. എഡിറ്റ് ചെയ്ത് വികലമാക്കിയാണ് പരിപാടി കാണിക്കുന്നത്. ഒരുസൈഡ് മാത്രമേ കാണിക്കുന്നുള്ളൂ. ഇപ്പോള്‍ ജനങ്ങള്‍ക്കും മനസ്സിലായിക്കാണും എന്താണ് ഈ പരിപാടിയെന്നും ഹിമ പറഞ്ഞിരുന്നു. ഹിമയുടെ കഴുത്തിന് സാബുമോന്‍ പിടിച്ചിട്ടും അദ്ദേഹത്തെ അന്ന് പുറത്താക്കിയില്ലല്ലോ ഈ വര്‍ഷം മാത്രമെന്താണ് ഇങ്ങനെയെന്ന വിമര്‍ശനങ്ങള്‍ നേരത്തെയും ഉയര്‍ന്നുവന്നിരുന്നു.

ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് പിന്നാലെയായാണ് ബിഗ് ബോസ് താരത്തിനെ വീട്ടില്‍ നിന്നും മാറ്റിയത്. ഈ നീക്കത്തില്‍ പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ ഞെട്ടിയിരുന്നു. പച്ചമുളക് തന്നെയാണോ അദ്ദേഹം തേച്ചതെന്ന തരത്തിലുള്ള ചര്‍ച്ചയായിരുന്നു പിന്നീട്. ശനിയാഴ്ച മോഹന്‍ലാല്‍ എത്തിയപ്പോഴായിരുന്നു ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത്. രേഷ്മയുമായും രേഷ്മയുടെ മാതാപിതാക്കളുമായും രജിത് സംസാരിച്ചിരുന്നു. രജിത് ബിഗ് ബോസിലേക്ക് തിരിച്ചുവരണോയെന്ന കാര്യം രേഷ്മയ്ക്ക് തീരുമാനിക്കാമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. രജിത് തിരിച്ചുവരുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇതോടെയാണ് രജിത് പുറത്തേക്ക് പോയത്. രേഷ്മയെ കണ്ട് ക്ഷമ ചോദിക്കുന്നതിന് വേണ്ടി നില്‍ക്കുകയായിരുന്നു താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടിയാവുന്നതിനായി ശ്രമിച്ചതാണെന്നായിരുന്നു രജിത് വിശദീകരിച്ചത്.

Top