ആശുപത്രി കിടക്ക കതിര്‍ മണ്ഡപമായപ്പോള്‍

തെലുങ്കാനയില്‍ പ്രണയിനികളായ യുവാവും യുവതിയും ആശുപത്രികിടക്കയില്‍ വരണ്യമാല്യം ചാര്‍ത്തി ഒന്നായി. തെലുങ്കാനയിലെ വികാരാബാദിലായിരുന്നു സംഭവം. അതാലി സ്വദേശിനി രശ്മിയും (19) കുകിന്ദ ഗ്രാമത്തില്‍നിന്നുള്ള നവാസുമാണ് (21) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കയില്‍ വിവാഹിതരായത്.

അകന്ന ബന്ധുക്കള്‍ കൂടിയായ കമിതാക്കളെ ജീവിതത്തില്‍ ഒന്നിക്കാന്‍ ബന്ധുക്കള്‍ അനുവദിക്കാതെ വന്നതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു.

എന്നാല്‍ ഇവരുടെ വിവാഹത്തിനു ബന്ധുക്കള്‍ സമ്മതിച്ചിരുന്നില്ല. നവാസിനെ മറ്റൊരു യുവതിയുമായി വിവാഹം കഴിപ്പിക്കാന്‍ ബന്ധുക്കള്‍ തയറെടുക്കുന്ന വിവരം അറിഞ്ഞ് രശ്മി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ രശ്മിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെയെത്തിയ നവാസ് രശ്മിയെ കണ്ടു. മനോവിഷമത്തില്‍ നവാസും വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇരുവരെയും സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും ക്രൊഫോര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ ഡോക്ടറാണ് കമിതാക്കളുടെ പ്രണയസാക്ഷാത്കാരത്തിനു നിമിത്തമായത്. ഡോക്ടര്‍ ബന്ധുക്കളുമായി സംസാരിക്കുകയും വിവാഹം നടത്താന്‍ ഇരുകുടുംബങ്ങളും സമ്മതിക്കുകയുമായിരുന്നു.

വിവാഹ വസ്ത്രങ്ങളണിഞ്ഞ നവാസും രശ്മിയും വീല്‍ചെയറില്‍ ഇരുന്നാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയിരുന്നത്.

Latest
Widgets Magazine