മേശ തുടക്കാൻ നിന്ന ഹിന്ദിക്കാരൻ വന്നത് ആഢംബര കാറിൽ; സമ്മാനമായി വജ്രങ്ങള്‍; തിരുവനന്തപുരം ഞെട്ടിത്തരിച്ചു

തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമുണ്ടായത്. മാസങ്ങൾക്ക് മുൻപ് കൊച്ചിയിലെ ഹോട്ടലിൽ സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് ക്ലീനിങ് ജോലി ചെയ്ത ധ്രുവ് എന്ന 18കാരനാണ് അനന്തപുരിയെയും ഞെട്ടിച്ചത്. ഗുജറാത്തിലെ സൂറത്തിലെ രത്നവ്യാപാരിയുടെ മകനായ ധ്രുവിന് കുടുംബത്തിലെ മുതിർന്നവർ നൽകിയ അസൈൻമെന്റായിരുന്നു കേരളത്തിലെ ഹോട്ടൽ ജോലി. ജോലി അന്വേഷിച്ച് രണ്ടാഴ്ച മുൻപാണ് ധ്രുവ് തിരുവനന്തപുരത്തെത്തിയത്. ആയുർവേദ കോളേജ് ജംഗ്ഷനിൽ ഹോട്ടൽ നടത്തുന്ന ചെറുപ്പക്കാരെയും ധ്രുവ് ജോലിക്കായി സമീപിച്ചു. എന്നാൽ ആദ്യം ധ്രുവിനെ ഇവർ ജോലിക്കെടുക്കാൻ കൂട്ടാക്കിയില്ല. പിന്നീട് മറ്റൊരാൾ ശുപാർശ ചെയ്തതോടെ ജോലിക്കെടുത്തു. ആയുർവേദ കോളേജ് ജംഗ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റിൽ ക്ലീനിങ് ആൻഡ് സപ്ലൈ വിഭാഗത്തിലാണ് ധ്രുവിന് ജോലി ലഭിച്ചത്. ജോലിയിൽ പ്രവേശിച്ച ധ്രുവ് ആകർഷകമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടുകയും ചെയ്തു. ഏഴു ദിവസമാണ് ധ്രുവ് തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലി ചെയ്തത്. കൃത്യം ഏഴു ദിവസം കഴിഞ്ഞപ്പോൾ മുത്തശ്ശിക്ക് സുഖമില്ലെന്നും, ഓണത്തിന് തിരികെയെത്താമെന്നും പറഞ്ഞാണ് ധ്രുവ് നാട്ടിൽ പോയത്. ഓണത്തിരക്കിനിടെ ധ്രുവിന്റെ കാര്യം ഹോട്ടലുടമകൾ മറന്നുപോയിരുന്നു. ഇതിനിടെ ധ്രുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഒരു വിവരവും ലഭിക്കാതായതോടെ ഹോട്ടലുടമകളും ജീവനക്കാരും ധ്രുവിന്റെ കാര്യം മറന്നുപോയി. പിന്നീട് ആഗസ്റ്റ് 7 വ്യാഴാഴ്ചയാണ് ഹോട്ടലുടമകളെ ധ്രുവ് തിരികെ വിളിക്കുന്നത്. ഒന്നു കാണാനാകുമോ എന്ന് ചോദിച്ച ധ്രുവ് ഹോട്ടലിലേക്ക് വരാമെന്നും പറഞ്ഞു.

മൂന്ന് ആഢംബര കാറുകളിലായാണ് ധ്രുവും സംഘവും റെസ്റ്റോറന്റിലെത്തിയത്. ആഢംബര കാറിൽ വന്നിറങ്ങിയ ക്ലീനിങ് ജോലിക്കാരനെ കണ്ട് ഹോട്ടലുടമകളും ജീവനക്കാരും ഞെട്ടിത്തരിച്ചു. വെറുംകൈയോടെയല്ല ധ്രുവും സംഘവും തിരുവനന്തപുരത്തെത്തിയത്. ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രങ്ങളും വാച്ചുകളും പേനകളും കൂടാതെ പണവും ധ്രുവ് എല്ലാവർക്കും സമ്മാനമായി നൽകി. സൂറത്ത് കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രത്നവ്യാപാരികളുടെ കുടുംബത്തിലെ ഇളമുറക്കാരനാണ് ധ്രുവ്. എംബിഎ വിദ്യാർത്ഥികളായ ധ്രുവിനും കുടുംബത്തിലെ മറ്റു ചെറുപ്പക്കാർക്കും മുതിർന്നവർ നൽകിയ അസൈൻമെന്റായിരുന്നു ഹോട്ടൽ ജീവിതം. കുടുംബത്തിലെ ചെറുപ്പക്കാർ തിരുവനന്തപുരം, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, തുടങ്ങിയ നഗരങ്ങളിലാണ് ഹോട്ടൽ ജോലി ചെയ്തിരുന്നത്. ഇവരെ ഹോട്ടൽ ജോലിക്കയച്ച കാര്യം കുടുംബത്തിലെ സ്ത്രീകളെ അറിയിച്ചിരുന്നില്ല. ബിസിനസ് ആവശ്യങ്ങൾക്കായി പോയിരിക്കുകയാണെന്നാണ് സ്ത്രീകളോട് പറഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top