ക്രൈം ഡെസ്‌ക്
ഭോപ്പാൽ: ഭാവിയിൽ കാക്കിയണിഞ്ഞ് കുറ്റവാളികളെ വിലങ്ങണിയിക്കാൻ കാത്തിരുന്ന ഈ കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനമുറകളാണ്. ഐ.എ.എസ് പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥിനിയെയാണ് മധ്യപ്രദേശിലെ ഭോപ്പാൽ റെയിൽവേ സ്റ്റേഷന് സമീപം ആൾത്തിരക്കുള്ള പ്രദേശത്തു വച്ചു മൂന്ന് മണിക്കൂറോളം കൂട്ട ബലാത്സംഗം ചെയ്തു പീഡിപ്പിച്ചത്. സംഭവം നടന്നു പത്തു മണിക്കൂറിലെറെ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറായില്ല.മാത്രമല്ല പിതാവുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പരാതി സ്വീകരിക്കാതെ ഹബീബ്ഗാംജ് പൊലീസ് അടുത്ത പൊലീസ് സ്റ്റേഷനിലേക്കും അവിടുന്ന് അടുത്ത പൊലീസ് സ്റ്റേഷനിലേക്കും പറഞ്ഞു വിടുകയായിരുന്നു.പരാതിയുമായി സ്റ്റേഷനിലെത്തിയ വിദ്യാർഥിനിയെ അപമാനിക്കുകയായിരുന്നു പോലീസ്.ഇതിനിടെ റോഡരികിൽ കണ്ട പ്രതികളെ യുവതിയും പിതാവും പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു
നടപടി വൈകിയതിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു എസ്.ഐ യെയും അഞ്ച് പൊലീസുകാരേയും സസ്പെന്റ് ചെയ്തത്.
സംഭവം നടന്ന സ്ഥലത്തു നിന്നും നൂറ് മീറ്റർ അകലെയാണ് റെയിൽവെ പൊലീസ് പോസ്റ്റുണ്ടായിരുന്നത്. ഐ.എ.എസ് കോച്ചിംഗിന് ശേഷം വീട്ടിലേക്കു പോകാനായി യുവതി സ്ഥിരമായി ട്രെയിൻ കയറിയിരുന്നത് ഈ സ്റ്റേഷനിൽ നിന്നുമായിരുന്നു. എന്നാൽ സംഭവ ദിവസം റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായി പെൺകുട്ടി ഷോർട്ട് കട്ട് റോഡ് തെരഞ്ഞെടുത്തെന്നാണ് പൊലീസ് പറയുന്നത്.
തന്റെ മകളെ കൊന്ന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ജ്യാമ്യത്തിന് പുറത്തിറങ്ങിയ ഗോലു ബിഹാരി, അളിയൻ അമർ ഭുൻടു എന്നിവരും സംഭവ സ്ഥലത്തേക്ക് അവർ കൂട്ടിക്കൊണ്ടു വന്ന സുഹൃത്തുക്കളും
രാത്രി പത്തു മണിവരെ തുടർച്ചയായി പീഡിപ്പിച്ചെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു .വിദ്യാർഥിനിയുടെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും കവർന്ന ശേഷം പോകാൻ അനുവദിക്കുകയായിരുന്നു.


