ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ്:കപിൽ സിബലിനും ചിദംബരത്തിനും ചെക്ക്.അഭിഭാഷകരായ എംപിമാര്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ വിലക്ക്‌

ദില്ലി:ചരിത്രത്തില്‍ ആദ്യമായി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നടപടി വരുന്നു .അതിനിടെ അഭിഭാഷകരായ പാര്‍ലമെന്റ് അംഗങ്ങള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികളില്‍ പങ്കെടുക്കുന്നത് വിലക്കി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പ് വെയ്ക്കുകയോ മറ്റു നടപടികളില്‍ പങ്കെടുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബിജെഡി വ്യക്തമാക്കി. ഇംപീച്ച്‌മെന്റ് പ്രമേയത്തിന് നോട്ടീസ് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ തിങ്കളാഴ്ച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഔദ്യോഗികമായി ചേരും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ തിങ്കളാഴ്ചയോ അടുത്ത ദിവസങ്ങളിലോ നോട്ടീസ് നല്‍കാനുള്ള പ്രതിപക്ഷ നീക്കത്തിനിടെയാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് എംപിമാരായ കപില്‍ സിബല്‍, പി ചിദംബരം, വിവേക് തന്‍ഖ, അഭിഷേക് സിംഗ്‌വി എന്നിവര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനം ബാധകമാകും. ഇംപീച്ച്‌മെന്റ് നടപടികളില്‍ ഒപ്പുവെച്ചവര്‍ ചീഫ് ജസ്റ്റിസിന് മുന്‍പാകെ ഹാജരാകുന്നത് ധാര്‍മികമായി ശരിയായ നടപടിയല്ലെന്ന് കൗണ്‍സില്‍ അധ്യക്ഷന്‍ മനന്‍ കുമാര്‍ മിശ്രയും അംഗം അജിത് കുമാറും ദില്ലിയില്‍ പറഞ്ഞു. വിലക്ക് മറികടന്ന് അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് സുപ്രിം കോടതി ചീഫ് ജസ്റ്റീസിനെതിരെ പ്രമേയം വരുന്നത്. കോണ്‍ഗ്രസിലെ കപില്‍ സിബല്‍ മുന്‍കൈയെടുത്ത് കൊണ്ടു വരുന്ന പ്രമേയത്തിനുള്ള ഒപ്പു ശേഖരണം പുരോഗമിക്കവെയാണ് തിങ്കളാഴ്ച്ച ഔദ്യോഗികമായി യോഗം ചേരാന്‍ പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചത്. എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് പുറമെ എഐഎഡിഎംകെ, ബിജു ജനതാദള്‍ എന്നീ കക്ഷികള്‍ ഒഴിച്ചുള്ളവരെല്ലാം പ്രമേയത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ദീപക് മിശ്ര ഒറീസക്കാരന്‍ ആയതിനാല്‍ പ്രമേയത്തെ പിന്തുണയ്ക്കാനാകില്ലെന്നാണ് ബിജെഡിയുടെ നിലപാട്.

അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രമേയം പരിഗണിക്കുന്നത് നീണ്ടു പോകും. പ്രമേയം അംഗീകരിക്കുന്ന കാര്യത്തില്‍ രാജ്യസഭാധ്യക്ഷന് വിവേചനാധികാരമുണ്ട്. തീരുമാനം നീട്ടികൊണ്ടു പോകാനും കഴിയും. അധ്യക്ഷന്‍ അംഗീകരിച്ചാല്‍ തന്നെ, സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരും ഒരു നിയമജ്ഞനുമടങ്ങുന്ന മൂന്നംഗ സമിതി പരാതി പരിശോധിക്കണം. തുടര്‍ന്ന് സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭ ചര്‍ച്ച നടത്തി ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങണം. ഒക്ടോബര്‍ രണ്ടിന് ദീപക് മിശ്ര വിരമിക്കാനിരിക്കെ, പ്രമേയം അംഗീകരിച്ച് നടപടികള്‍ തുടങ്ങിയാലും അത് കാലഹരണപ്പെടാനാണ് സാധ്യത.

Top