ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും മോദി പറഞ്ഞു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ആത്മാഭിമാനത്തിന്റെ ഉത്സവമാണ് കൊണ്ടാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനാ ശില്‍പികളേയും സ്വാതന്ത്ര്യസമര സേനാനികളേയും മോദി അനുസ്മരിച്ചു. 103 മിനിറ്റ് നീണ്ടുനിന്ന പ്രസംഗം പ്രധാനമന്ത്രി ഇതുവരെ സ്വാതന്ത്ര്യദിനത്തിൽ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമാണ്.
പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ആവർത്തിച്ച മോദി, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓർമിപ്പിച്ചു. <span style=””>ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
രാജ്യത്തെ സ്ത്രീശക്തികളെ കുറിച്ചും മോദി പരാമര്‍ശിച്ചു. ദാക്ഷായണി വേലായുധനെ അനുസ്മരിച്ച മോദി ശ്യാമപ്രസാദ് മുഖര്‍ജി ജീവന്‍ ത്യജിച്ചത് രാജ്യത്തിന് വേണ്ടിയാണെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ വഴികാട്ടി ഭരണഘടനയാണെന്നും മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും പ്രസംഗത്തില്‍ സൂചിപ്പിച്ച മോദി സൈനികരെ അഭിനന്ദിച്ചു.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ സുദര്‍ശന്‍ ചക്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇസ്രയേലിന്റെ അയേണ്‍ ഡോമിന് സമാനമായ ‘സുദര്‍ശന്‍ ചക്ര മിഷന്‍’ പ്രഖ്യാപിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍, അതായത് 2035-ഓടെ രാജ്യത്തിന് വ്യോമ പ്രതിരോധ കവചവും കൃത്യതയാര്‍ന്ന പ്രത്യാക്രമണ ശേഷിയും നല്‍കുന്നതാകും ഈ പദ്ധതി. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ‘ശത്രുവിന്റെ ആക്രമണങ്ങളെ നിര്‍വീര്യമാക്കുക മാത്രമല്ല, അവര്‍ക്ക് പലമടങ്ങ് തിരിച്ചടി നല്‍കുകയും ചെയ്യുന്ന ശക്തമായ ആയുധ സംവിധാനമായിരിക്കും സുദര്‍ശന്‍ ചക്ര മിഷന്‍,’ മോദി പറഞ്ഞു. ഇസ്രയേലിന്റെ അയേണ്‍ ഡോം പോലെ, എല്ലാ വ്യോമാക്രമണ ഭീഷണികളില്‍ നിന്നും രാജ്യത്തിന് സംരക്ഷണം നല്‍കാന്‍ ഈ മിഷന് കഴിയും.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നടത്താന്‍ ശ്രമിച്ചതിന് സമാനമായ ആക്രമണങ്ങളെ ഭാവിയില്‍ പ്രതിരോധിക്കുക എന്നതും സുദര്‍ശന്‍ ചക്ര മിഷന്റെ ലക്ഷ്യമാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ സുദര്‍ശന്‍ ചക്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, ദേശീയ പ്രാധാന്യമുള്ള കെട്ടിടങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, മറ്റ് തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കുന്നതിനായി പുതിയ സാങ്കേതിക പ്ലാറ്റ്ഫോമുകള്‍ ‘രാഷ്ട്ര സുരക്ഷാ കവച്’ പദ്ധതിക്ക് കീഴില്‍ വിന്യസിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പത്ത് വര്‍ഷത്തിനുള്ളില്‍, 2035-ഓടെ ഈ ദേശീയ സുരക്ഷാ കവചം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും ആധുനികവല്‍ക്കരിക്കാനുമാണ് രാജ്യം ലക്ഷ്യമിടുന്നത്. ശത്രുക്കള്‍ക്ക് കൃത്യതയോടെ തിരിച്ചടി നല്‍കാന്‍ ഇന്ത്യയെ സജ്ജമാക്കുന്ന ഈ സാങ്കേതികവിദ്യ, രാജ്യത്തിന്റെ പ്രതിരോധശേഷിയില്‍ ഒരു പുതിയ അധ്യായം കുറിക്കുമെന്നും മോദി പറയുന്നു.










