ബഹിരാകാശം ഭരിക്കാന്‍ ഇന്ത്യ..!! മൂന്നുപേരെ ചന്ദ്രനിലെത്തിക്കും; സൗരദൗത്യവും തുടങ്ങും

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗന്‍ യാന്‍ ദൗത്യത്തിന്റെ ഭാഗമായി 2022ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യ ബഹിരാകാശത്തേക്ക് ഗവേഷകരെ അയക്കും. രണ്ടോ മൂന്നോ ആളുകള്‍ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളാവും. ഇന്ത്യ തന്നെയാവും ഗവേഷകര്‍ക്ക് വേണ്ട പരിശീലനം നല്‍കുക. യാത്രികരെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. 10000 കോടി രൂപയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്.

ഏഴുവര്‍ഷത്തിനകം സ്വന്തമായി ബഹിരാകാശനിലയം അടക്കം ബഹിരാകാശരംഗത്ത് വന്‍ശക്തിയാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇതില്‍ ആദ്യത്തേതാണ് ഐ.എസ്.ആര്‍.ഒയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ 2. ജൂലൈ 15ന് ആണ് വിക്ഷേപണം. ഡിസംബര്‍ ആറോടെ ചന്ദ്രന്റെ ഉപരിതലം തൊടും. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതുവരെയുള്ള അവസാന 15 മിനിറ്റ് ഐ.എസ്.ആര്‍.ഒ. നേരിട്ടിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ പറഞ്ഞു.

സൂര്യനെ അറിയാനുള്ള ആദിത്യമിഷനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി. അടുത്തവര്‍ഷം മധ്യത്തോടെ വിക്ഷേപിക്കും. നൂറുദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് സൗരദൗത്യത്തിലെ വെല്ലുവിളി.

ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു മുന്‍പ് ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. ഇത് അടുത്തവര്‍ഷം ഡിസംബറോടെ യാഥാര്‍ഥ്യമാകും. ബഹിരാകാശത്തേക്ക് അയയ്ക്കുന്ന മൂന്നുപേരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. ഇവര്‍ക്ക് ഇന്ത്യയിലും വിദേശത്തുമായി വിദഗ്ധ പരിശീലനം നല്‍കും. മനുഷ്യരെ അയയ്ക്കുന്നതിനു മുന്‍പ് ആളില്ലാതെ രണ്ടുവട്ടം വിക്ഷേപണം നടത്തും. ആദ്യത്തേത് ഡിസംബറിലും രണ്ടാമത്തേത് ആറുമാസത്തിനുശേഷവുമുണ്ടാകും. ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള പദ്ധതിയും ഐ.എസ്.ആര്‍.ഒ. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പാക്കും.

Top