തെഹ്റാൻ: ഇറാൻ ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക് കടന്നു . തെഹ്റാനിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തി. പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഇറാനും തയ്യാറായി .ഇതോടെ നാല് ദിവസമായി തുടരുന്ന സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങിയിരിക്കുന്നത്. ആണവക്കരാറിൽ ഒപ്പിടാത്ത ഇറാൻ മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ട്രംപ് ഒപ്പിട്ടില്ല. അഞ്ചാം ദിവസവും പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിക്കുന്നപക്ഷം സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ആധുനികകാല ഹിറ്റ്‌ലറാണ് ഖമയനി എന്നും നെതന്യാഹു. ഇസ്രയേലിന് അമേരിക്കയുടെ പിന്തുണയുണ്ടെന്നും നെതന്യാഹു ആവർത്തിച്ചു. എബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പരമാർശം.
നേരത്തെ തെഹ്റാനിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബിയ്ക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും സർക്കാർ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ കൊലപ്പെടുത്താൻ പോലും മടിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാൻ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിലെ രണ്ട് പ്രധാന ഔദ്യോഗിക ചാനലുകളായ ചാനൽ 12, ചാനൽ 14 എന്നിവ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ശത്രുക്കളെ ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു എന്ന് ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇറാൻ വടക്കൻ ഇസ്രയേലിൽ ശക്തമായ ആക്രമണം അഴിച്ച് വിട്ടിരുന്നു.
ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ ജീവനക്കാർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമ സ്ഥാപനം ഐആര്‍ഐബി സ്ഥിരീകരിച്ചിട്ടുണ്ട്. എത്ര മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് മുമ്പുള്ള അവസാനം നിമിഷം വരെയും പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ടര്‍ പ്രതികരിച്ചു. തെഹ്‌റാന്‍ ആസ്ഥാനമായ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്. എന്നാല്‍ അധികം വൈകാതെ മറ്റൊരു സ്റ്റ്യുഡിയോയില്‍ നിന്നും ചാനല്‍ സംപ്രേഷണം പുനഃസ്ഥാപിച്ചു. പിന്നാലെ രക്തം പുരണ്ട ഒരു പേപ്പര്‍ ഉയര്‍ത്തി ബ്രോഡ്കാസ്റ്റിംഗ് മേധാവി പേയ്മാന്‍ ജെബേലി ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. ചാനലും ജീവനക്കാരും അവസാനം വരെ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മധ്യേഷ്യ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് നിമിറ്റ്സ് തെക്കൻ ഏഷ്യയിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. മലാക്ക കടലിടുക്ക് വഴി ഇന്ത്യൻ മഹാസമുദ്രത്തിലേയ്ക്ക് യുഎസ്എസ് നിമിറ്റിസ് തിരിച്ചിട്ടുണ്ടെന്നാണ് കപ്പലുകളെ നിരീക്ഷിക്കുന്ന മറൈൻ ട്രാഫിക്ക് വെബ്സൈറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. തെഹ്റാൻ്റെ വ്യോമപരിധി പൂർണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെഹ്റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാനും നഗരത്തിലെ ഭരണസിരാകേന്ദ്രങ്ങൾ ഉടൻ ആക്രമിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയത്.










