മൊസാദിനെ പ്രതിരോധിക്കാന്‍ ഉണ്ടാക്കുന്ന സേനയുടെ തലവനും ഒരു മൊസാദ് ചാരനാവാം. ആയിട്ടുണ്ട്! നേരത്തെ ഈജിപ്ത് പ്രസിഡന്റ് നാസറിന്റെ അടുത്ത ബന്ധുക്കളെയും, ജോര്‍ദാന്‍ രാജാവിന്റെ അന്ത:പ്പുരാംഗങ്ങളെയും, യാസിര്‍ അറഫാത്തിന്റെ കാബിന്‍ ക്രൂവിനെയുമെല്ലാം, അവര്‍ ഇതുപോലെ ലക്ഷങ്ങള്‍ നല്‍കി വിലക്കെടുത്തിരുന്നു. തങ്ങളുടെ തലപോയാലും ചാരനെ ഒറ്റില്ലെന്ന വിശ്വസ്തതയാണ് മൊസാദിന്റെത്. പ്രതിഫലമായി ലക്ഷങ്ങള്‍ കൊടുക്കും. അഥാവാ പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍, കുടുംബസമേതം മറ്റൊരു ഐഡിയില്‍ മറ്റൊരു രാജ്യത്ത് താമസിക്കാനുള്ള സൗകര്യവും അവര്‍ ഒരിക്കിത്തരും. അതിനായി പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത മുഖം തന്നെ മാറ്റിക്കും. ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തോട് ജനങ്ങള്‍ക്കിടയിലുള്ള വ്യാപകമായ അസംതൃപ്തിയും മൊസാദ് ഉപയോഗപ്പെടുത്തുന്നു. ഇപ്പോള്‍ ഇറാനെ ഞെട്ടിച്ച, ‘ഓപ്പറേഷന്‍ റൈസിംഗ് ലയണിന്’ പിന്നിലും മൊസാദിന്റെ ചാര ശൃംഖല തന്നെയാണ്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാനുള്ള സാധ്യത തള്ളിക്കളയാതെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് ബ്രോഡ്കാസ്റ്ററായ എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അലി ഖമേനിയെ വധിക്കാനുള്ള ഏതൊരു പദ്ധതിയും സംഘര്‍ഷം വഷളാക്കില്ലെന്നും മറിച്ച് അത് സംഘര്‍ഷം അവസാനിപ്പിക്കും എന്ന് നെതന്യാഹു പറയുന്നു. ഇസ്രായേല്‍ പരമോന്നത നേതാവിനെ ലക്ഷ്യം വയ്ക്കുമോ എന്ന ചോദ്യത്തിന് നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇറാനില്‍ ഇസ്രയേലിന്റെ ചാരശൃംഖല എത്രമാത്രം നുഴഞ്ഞുകയറി എന്നതിന്റെ തെളിവായിരുന്നു, ഭൂഗര്‍ഭ അറയുണ്ടാക്കി സംരക്ഷിച്ച ആണവ നിലയങ്ങള്‍ പോലും ആക്രമിക്കപ്പെട്ടത്. ഇറാന്റെ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കാസിമിയും ഉപമേധാവി ഹസ്സന്‍ മൊഹാഖിക്കും കൊല്ലപ്പെട്ടതുപോലെ, പ്രമുഖരായ സൈനികമേധാവികളെയും ആണവശാസ്ത്രജ്ഞരെയും തിരഞ്ഞുപിടിച്ച് വധിക്കുന്നതിന് നിര്‍ണായകമായത് മൊസാദിന്റെ ഏജന്റുമാര്‍ നല്‍കിയ രഹസ്യവിവരങ്ങളാണ്. കുറച്ചുകാലമായി ഇറാനിലുടനീളം മൊസാദ് ചാരന്‍മാര്‍ വലവിരിച്ചിക്കയാണെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈയിടെ റഷ്യന്‍ വ്യോമത്താവളങ്ങള്‍ തകര്‍ത്ത യുക്രൈന്റെ ഓപ്പറേഷന്‍ ചിലന്തിവലയ്ക്ക് വേണ്ടിവന്നത് ഒന്നരവര്‍ഷത്തെ തയ്യാറെടുപ്പായിരുന്നു. പക്ഷേ, റൈസിങ് ലയണ്‍ നിരവധി വര്‍ഷങ്ങളെടുത്തുവെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ പറയുന്നത്. ടെഹ്റാനിലെ ഡ്രോണ്‍ താവളത്തിന്റെ ലക്ഷ്യം ഇറാന്റെ എസ്ഫജാബാദ് സൈനികകേന്ദ്രമായിരുന്നു. ഇസ്രയേലിനെ ലക്ഷ്യംവെക്കുന്ന സര്‍ഫസ് ടു സര്‍ഫസ് മിസൈല്‍ ലോഞ്ചറുകള്‍ അവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇസ്രയേലിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള താവളം. ഇസ്രയേല്‍ ആക്രമിച്ചാല്‍ ഇറാന്റെ തിരിച്ചടിയുടെ കേന്ദ്രമാകാന്‍ ഇടയുണ്ടായിരുന്ന സ്ഥാനം. മൊസാദ് ചാരന്‍മാര്‍ ഡ്രോണുകളുടെ ഘടകഭാഗങ്ങള്‍ ഓരോന്നായി ഇറാനിലെത്തിച്ച് കൂട്ടിയോജിപ്പിച്ചു, ഇറാന്റെ ചാരസംഘടനകളുടെ കണ്ണില്‍പെടാതെ ഒളിപ്പിച്ചുവെച്ചു. പൂര്‍ണസജ്ജമായ ഡ്രോണുകളെ വ്യോമാക്രമണ സമയത്ത് റിമോട്ടുപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കി. സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഈ ചാവേര്‍ ഡ്രോണുകള്‍ നിശ്ചിതസമയത്ത് മിസൈല്‍ കേന്ദ്രങ്ങളില്‍ നാശം വിതച്ചു,
സാധ്യമായ ഇറാന്‍ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറിയെങ്കില്‍ മാത്രമേ പദ്ധതി വിജയിക്കുമായിരുന്നുള്ളൂ. താവളവും സജ്ജീകരണങ്ങളും പൂര്‍ത്തിയായപ്പോള്‍ ഭൂരിഭാഗം പേരെയും ഒഴിവാക്കി, ദൗത്യത്തിന്റെ അവസാനഘട്ടം നടപ്പാക്കാനായി കുറച്ചുപേരെ നിലനിര്‍ത്തി. ഈ താവളം ഉണ്ടാക്കാനായി മനുഷ്യരില്‍നിന്ന് ശേഖരിക്കുന്ന രഹസ്യവിവരങ്ങളും എതിരാളികളുടെ ആശയവിനിമയം പിടിച്ചെടുക്കുന്നതില്‍ നിന്നുള്ള വിവരങ്ങളും ഉപയോഗപ്പെടുത്തി. ഫീല്‍ഡ് ഓപ്പറേഷനുകളെ അത്യാധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കാനുള്ള മൊസാദിന്റെ കഴിവ് ഈ ഓപ്പറേഷനും തുണയായി.
ഒരു ഇസ്രയേലി ഓഫീസര്‍ ഫോക്സ് ന്യൂസിന് നല്‍കിയ പ്രതികരണം ഇങ്ങനെ: ‘അവരെക്കുറിച്ച് ഞങ്ങള്‍ നന്നായി പഠിച്ചു. ആ വിവരങ്ങളുപയോഗിച്ച അവരുടെ പെരുമാറ്റത്തെ ഞങ്ങള്‍ സ്വാധീനിച്ചു. അന്നേരം അവരവിടെ ഒത്തുചേരുമെന്ന് ഞങ്ങള്‍ കരുതി. അങ്ങനെയുണ്ടായാല്‍ അവരെ അവിടെത്തന്നെ നിര്‍ത്താനും ഞങ്ങള്‍ക്കറിയാമായിരുന്നു’. ഇറാനകത്ത് ആയിരത്തോളം ഇസ്രയേല്‍ ചാരന്‍മ്മാരാണ്, വന്‍ തുക ശമ്പളം പറ്റുന്നന്നത് എന്നാണ്, ഫോക്സ് ന്യുസ് എഴുതുന്നത്.
ഡബിള്‍ ഏജന്റുമാര്‍ തകര്‍ക്കുമ്പോള്‍ 2018 ജനുവരി 31-ന് രണ്ട് ഡസനോളം മൊസാദ് ഏജന്റുമാര്‍ തെക്കന്‍ ടെഹ്റാനിലെ രഹസ്യകേന്ദ്രത്തില്‍ നുഴഞ്ഞുകയറി ഒരു ലക്ഷത്തോളം രേഖകള്‍ മോഷ്ടിച്ചു. 1999 മുതല്‍ 2003 വരെയുള്ള കാലത്ത് അണ്വായുധ നിര്‍മാണത്തിനായി ഇറാന്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ചുള്ള രഹസ്യരേഖകളായിരുന്നു അവ. സുരക്ഷാവീഴ്ച വെളിവായപ്പോള്‍ ആയിരക്കണക്കിന് ആള്‍ക്കാരെയാണ് മൊസാദ് ഏജന്റുമാരെ കണ്ടെത്താന്‍ ഇറാന്‍ നിയോഗിച്ചത്. ഇത്രയുമധികം രേഖകള്‍ ഇസ്രയേല്‍ എങ്ങനെയാണ് പുറത്തുകടത്തിയത് എന്നത് ഇനിയും വ്യക്തമല്ല. പിന്നീട് രേഖകള്‍ ലോറിയില്‍ അസര്‍ബൈജാനിലേക്ക് കടത്തുകയായിരുന്നു എന്ന് വെളിവായി. മൊസാദിനെ ചെറുക്കാനുള്ള യൂണിറ്റിന്റെ തലവനും ആ ടീമിലെ ഇരുപതോളം പേരും ഇസ്രയേലി ചാരന്മാരായിരുന്നുവെന്ന് 2021-ല്‍ അന്നത്തെ ഇറാന്‍ പ്രസിഡണ്ട് മഹമൂദ് അഹമ്മദി നെജാദ് വെളിപ്പെടുത്തിയിരുന്നു.
ഈ സംഘം ചോര്‍ത്തി നല്‍കിയ വിവരങ്ങളുപയോഗിച്ചാണ് ഇസ്രയേല്‍ 2018-ല്‍ ടെഹ്‌റാനിലെ അണവ ആര്‍ക്കൈവ് മോഷ്ടിച്ചെടുത്തത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കുറഞ്ഞത് 2010 മുതല്‍ ഇറാനില്‍ മൊസാദിന്റെ രഹസ്യ ഓപ്പറേഷനുകള്‍ ശക്തിപ്പെടുകയായിരുന്നു. ആണവകേന്ദ്രങ്ങളിലുള്ള ആക്രമണം, ആണവ ശാസ്ത്രജ്ഞരെ വധിക്കല്‍, സൈനിക സ്ഥാപനങ്ങളിലെ അട്ടിമറി അങ്ങനെ നിരവധി സംഭവങ്ങള്‍ അവരുടെമേല്‍ ആരോപിക്കപ്പെടുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്നു പറയാം. ഇറാന്‍ മുഴവന്‍ ചാരവലയത്തില്‍ ഇറാനില്‍ ഇന്റലിജന്‍സ് മന്ത്രിയായിരുന്ന അലി യൂനുസി 2021-ല്‍ ഇങ്ങനെ പറഞ്ഞു: ‘നിര്‍ഭാഗ്യവശാല്‍ ഇറാന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മൊസാദിന്റെ സ്വാധീനം വളരെയേറെ വര്‍ധിച്ചിരിക്കുന്നു- ജീവഭയത്തോടെ വേണം ഓരോ മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനും ജീവിക്കാന്‍.’ ഇപ്പോഴും സമാനമായ അവസ്ഥയാണ് ഇറാനില്‍.
200 യുദ്ധ വിമാനങ്ങളാണ് ആക്രമണത്തിനായി ഇസ്രയേല്‍ ഉപയോഗിച്ചതെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെത്തി മൊസാദ് ഏജന്റുമാര്‍ മിസൈലുകള്‍ സജ്ജമാക്കുന്ന വീഡിയോകളും ടെഹ്‌റാനിന് സമീപം ഡ്രോണുകള്‍ തയ്യാറാക്കുന്നതുമായ വീഡിയോകളും പുറത്ത് വിട്ടിട്ടുണ്ട്. ലൈബനോനില്‍ വാക്കി ടോക്കികളും പേജറുകളും ഉപയോഗിച്ച് വന്‍ സ്‌ഫോടനങ്ങള്‍ നടത്തിയതിന് വെറും 10 മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഇറാനിലെ മൊസാദിന്റെ ഓപ്പറേഷന്‍ എന്നതും ശ്രദ്ധേയമാണ്. ലെബനോനിലെ ആക്രമണത്തില്‍ 37 പേരാണ് കൊല്ലപ്പെട്ടത്, 3000ലേറെ പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
മുന്‍പ് ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വധിച്ചപ്പോഴും മൊസാദിന്റെ കൃത്യതയോടെയുള്ള ആക്രമണശൈലി വ്യക്തമായിരുന്നു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനവും ഡസന്‍കണക്കിനു റഡാറുകളും ഇക്കുറി ഇസ്രയേല്‍ നീക്കത്തില്‍ തകര്‍ന്നു. ഇറാന്‍ സായുധസേനാ വിഭാഗമായ ഐആര്‍ജിസി ആസ്ഥാനത്തും സ്‌ഫോടനവും തീ പിടിത്തവുമുണ്ടായി. അമേരിക്കയും ഇറാനും തമ്മില്‍ പുതുക്കിയ ആണവചര്‍ച്ചകള്‍ നടക്കുന്നതിനിടെയിലും മൊസാദ് പണി തുടരുകയായിരുന്നു. മൊസാദ് ഏജന്റുമാര്‍ ആഴ്ച്ചകളായി വലിയ തോതില്‍ നശീകരണശേഷിയുള്ള ആയുധങ്ങള്‍ ഇറാനിലേക്ക് കടത്തി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവ സ്ഥാപിക്കുകയും ചെയ്തു. ആണവായുധ ശേഷി വികസിപ്പിക്കാനുള്ള ഇറാന്‍ ശ്രമങ്ങള്‍ക്ക് തടയിടുക എന്നതാണ് മൊസാദ് ലക്ഷ്യമിട്ടത്. ഇറാന്റെ ആണവ പദ്ധതിയുമായി ബദ്ധപ്പെട്ട പലരും ദുരൂഹമായി കൊലചെയ്യപ്പെട്ടതിന് പിന്നില്‍ മൊസാദിന്റെ കരങ്ങള്‍ തന്നെയാണ്.












