ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ യുദ്ധം മുറുകുമ്പോൾ അതിസങ്കീര്‍ണ്ണ ഒഴിപ്പിക്കല്‍ ദൗത്യത്തിലേക്ക് ഇന്ത്യ. ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്ക് മാറ്റി. ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ അർമെനിയൻ അതിർത്തിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. ടെഹ്റാനിൽ ജോലി ചെയ്യുന്നത് പതിനായിരത്തോളം ഇന്ത്യക്കാരാണ്.
ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്ന് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഇന്ത്യാക്കാരെ മാറ്റും. ഇറാനില്‍ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇരുപത്തി അയ്യായിരത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലിലുണ്ട്. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസ്സി ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെല്‍ അവീവില്‍ ഇറാന്‍ ആക്രമങ്ങള്‍ തുടരുകയാണ്. ഇതിനൊപ്പം ടെഹ്‌റാനില്‍ ഇസ്രയേലും വ്യോമാക്രമണം നടത്തുന്നു. ടെഹ്‌റാനിലുള്ള എല്ലാവരും ഒഴിയണമെന്ന് അമേരിക്കയും നിര്‍ദ്ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്ത്യ പൗരന്മാരെ മാറ്റുന്നത്. ഇസ്രയേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിലാണ് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴുപ്പിക്കുന്നത്.
ഇറാനിലെ ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98 9128109109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇന്നലെ ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനവും ടെഹ്‌റാനിലെ വിവിധയിടങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇസ്രയേലിലെ ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ഡ്രോൺ ആക്രമണം തുടരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇറാനില്‍ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ടെഹ്റാനില്‍ വിവിധ സര്‍വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. ഇവിടെ നിന്നും വിമാനത്തില്‍ ഇവരെ ഇന്ത്യയിലെത്തിക്കും. യുഎഇ വഴിയും വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരെ ടെഹ്റാനില്‍ നിന്നും ഒഴിപ്പിക്കുന്നതും ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ സംസാരിച്ചു. മൂവായിരത്തോളം വിദ്യാര്‍ഥികളുള്‍പ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാനിലുണ്ട്. ഇസ്രയേലിലെ ടെല്‍ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി ഡൊണാള്‍ഡ് ട്രംപ് ഒരുദിവസം മുന്‍പേ മടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇത് കൂടി കണക്കിലെടുത്താണ് ഇന്ത്യയുടെ പൗരന്മാരെ ഒഴിപ്പിക്കല്‍.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ടെഹ്റാനില്‍നിന്ന് എല്ലാവരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നിട്ടുണ്ട്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് പുതിയ നിര്‍ദേശം നല്‍കിയത്. എല്ലാവരും എത്രയുംപെട്ടെന്ന് ടെഹ്റാനില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ഇറാന് ആണവായുധം കൈവശംവെയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.










