കാമുകിക്കായി അവളുടെ ഭര്‍ത്താവിനെ കൊന്നു, കൊലപാതകം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കാമുകിയെയും കൊന്നു; ഇരിട്ടിയിലെ ഇരട്ടകൊലപാതകം ഇങ്ങനെ

ഇരിട്ടി: ഇരിട്ടിയിലെ നാടോടി യുവതിയുടെ കൊലപാതകിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് മര്രൊരു ക്രൂരമായ കൊലപാതകത്തിന്റെ കഥ. നാടോടി യുവതി ശോഭയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ കര്‍ണാടക തുംകൂര്‍ സ്വദേശി മഞ്ജുനാഥിനെ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ശോഭയുടെ ആദ്യഭര്‍ത്താവ് രാജുവിനെ ശോഭയും കാമുകനായ മഞ്ജുനാഥും ചേര്‍ന്ന് കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. രാജുവിനെ കൊലപ്പെടുത്തി തന്നെ സ്വന്തമാക്കാന്‍ ശോഭ നടത്തിയ പ്രേരണയിലാണ് കൊലപാതകമെന്നാണ് മഞ്ജുനാഥിന്റെ മൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശോഭയുടെ മക്കളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവരെ കണ്ടെത്താന്‍ പോലീസ് ബെംഗളൂരുവില്‍ കുട്ടികളുടെ സംരക്ഷണത്തിനായുള്ള സന്നദ്ധ സംഘടനകളുടെ സഹായം തേടി. കുട്ടികളുടെ ഫോട്ടോകളും നല്‍കി. കേസന്വേഷിക്കുന്ന പേരാവൂര്‍ സി.ഐ. സുനില്‍കുമാറിന്റെയും പ്രൊബേഷന്‍ എസ്.ഐ. അന്‍ഷാദിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി നടത്തിയ തിരച്ചിലില്‍ കൊലനടത്തിയ സ്ഥലം കണ്ടെത്തി. അവിടെനിന്ന് കൊല്ലപ്പെട്ട രാജുവിന്റേതെന്ന് സംശയിക്കുന്ന കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും പോലീസിന് ലഭിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശോഭയും മഞ്ജുനാഥും തമ്മില്‍ രഹസ്യബന്ധത്തിലായിരുന്നു. ഇത് അറിയാവുന്ന ഭര്‍ത്താവ് രാജു ശോഭയുമായി ഇടയ്ക്കിടെ വഴക്കിട്ടിരുന്നു. തുംകൂരില്‍ ശോഭയുമൊന്നിച്ച് കഴിയുകയായിരുന്ന രാജുവിനെ കൊല്ലാന്‍ ഇരുവരും പദ്ധതി തയ്യാറാക്കി. രാജുവിനെ വീട്ടില്‍നിന്ന് വിളിച്ച് മൂവരും ചേര്‍ന്ന് മഞ്ജുനാഥിന്റെ ഗുഡ്സ് ഓട്ടോയില്‍ വീട്ടില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിറാ നഗറിലെ ഉഞ്ചനഹള്ളി വനത്തിലേക്ക് പോയി. യാത്രയ്ക്കിടയില്‍ ഓട്ടോറിക്ഷയില്‍ കരുതിയ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് രാജുവിന്റെ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തി. മൃതദേഹം വനത്തിനുള്ളിലെ മഴക്കുഴിയില്‍ തള്ളി. ചില്ലിക്കമ്പുകളും പെട്രോളും ഒഴിച്ച് കത്തിച്ചു.

2015 ഡിസംബര്‍ 21-നാണ് കൊലനടത്തിയത്. അന്നുരാത്രിതന്നെ ശോഭയും മഞ്ജുനാഥും കുട്ടികളുമൊന്നിച്ച് മാനന്തവാടിയില്‍ എത്തുകയും അവിടെ മുറിയെടുത്ത് കുറച്ചുനാള്‍ താമസിച്ചതിനുശേഷം ഇരിട്ടിയിലേക്ക് വന്നു. വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയതിനെത്തുടര്‍ന്ന് തുംകൂരിലെ സിറ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാജുവിന്റെ ബന്ധുക്കളെല്ലാം കേരളത്തില്‍ നാടോടിജിവിതം നയിക്കുന്നതിനാല്‍ ഇയാളെ കാണാതായതിനെക്കുറിച്ച് ആരും പരാതി നല്‍കിയിരുന്നില്ല. അജ്ഞാത മൃതദേഹം എന്ന നിലയില്‍ സിറ പോലീസും കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.

മഞ്ജുനാഥ് നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്ത് പോകുന്നതിനെ ശോഭ എതിര്‍ത്തിരുന്നു. ഇതിന്റെപേരില്‍ ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കും ഉണ്ടായി. വഴക്കിനിടയില്‍ രാജുവിനെ കൊന്നകാര്യം പുറത്തുപറയുമെന്ന് പറഞ്ഞ് ശോഭ മഞ്ജുനാഥിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ശോഭയെയും കൊല്ലാന്‍ കാരണമെന്നാണ് മഞ്ജുനാഥ് പോലീസിനു നല്‍കിയ മൊഴി. പോലീസ് സയന്റിഫിക് സര്‍ജന്‍ കെ.ദീപേഷിന്റെ നേതൃത്വത്തിലാണ് കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടം പരിശോധിച്ചത്. നേരത്തേ മഴക്കുഴിയില്‍നിന്ന് കത്തിക്കരിഞ്ഞ എല്ലിന്‍കഷ്ണങ്ങള്‍ സിറ പോലീസിന് ലഭിച്ചിരുന്നു.

ശോഭയെ കഴുത്തുഞെരിച്ച് ബോധം കെടുത്തിയശേഷം ഇരിട്ടിയിലെ പഴയ പാലത്തിനടുത്തുള്ള പൊട്ടക്കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തിയശേഷം മഞ്ജുനാഥ് ശോഭയുടെ ആറുവയസ്സുള്ള മകന്‍ ആര്യനെയും നാല് വയസ്സുള്ള മകള്‍ അമൃതയെയും കൂട്ടി ഇരിട്ടി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ കുട്ടികളെ താന്‍ കര്‍ണാടകയിലേക്ക് ട്രെയിന്‍ കയറ്റിവിട്ടെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് മഞ്ജുനാഥിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്തത്.

രാജുവിന്റെ കൊലപാതകം സംബന്ധിച്ച കേസ് കര്‍ണാടക പോലീസിന് കൈമാറുമെന്ന് ഇരിട്ടി ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. വി.എം.വിശ്വനാഥന്‍ പറഞ്ഞു. അന്വേഷണസംഘത്തില്‍ ഇരിട്ടി എസ്.ഐ. സുധീര്‍ കല്ലന്‍, രമേഷ്ബാബു, ഷംസുദ്ദീന്‍, ജോളി എന്നിവരും ഉണ്ടായിരുന്നു.

Top