സ്വന്തം ലേഖകൻ
മധുര: പ്രണയം തലയ്ക്കു പിടിച്ച പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി തമിഴ്‌നാട് സ്വദേശിയും ജെസിബി ഡ്രൈവറുമായ കാമുകനെ തേടി തമിഴ്‌നാട്ടിലേയ്ക്കു വണ്ടി കയറി. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കാമുകന്റെ വീട്ടിലെത്തും മുമ്പ് പെൺകുട്ടിയെ രക്ഷപ്പെടുത്തി. അയർക്കുന്നം സ്വദേശിയായ പെൺകുട്ടിയെ ഇന്ന് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആറു മാസം മുമ്പാണ് ജെ.സി.ബി ഡ്രൈവറായ യുവാവ് പത്താംക്ലാസുകാരിയായ പെൺകുട്ടിയുടെ വീടിനു സമീപം വാടകയ്‌ക്ക് താമസിക്കാനെത്തിയത്. ഫേസ് ബുക്കിലൂടെയും, വാട്സ്അപ്പിലൂടെയും ഇരുവരും അടുപ്പത്തിലായി. ഇതിനിടെ ജോലി നഷ്‌ടപ്പെട്ട യുവാവ് തമിഴ്നാട്ടിലേയ്‌ക്കു മടങ്ങി. പെൺകുട്ടിയുമായുള്ള യുവാവിന്റെ ബന്ധവും ഇതോടെ താൽകാലികമായി അവസാനിച്ചു.
യുവാവിനെപ്പറ്റി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ഇയാളെ തിരക്കി തമിഴ്നാട്ടിലേയ്‌ക്ക് പോകാൻ പെൺകുട്ടി തീരുമാനിച്ചു. തുടർന്നു കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തി ബസിൽ കയറി തമിഴ്നാട്ടിലേയ്‌ക്കു പോകുകയായിരുന്നു. ഇതിനിടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തന്നെ തിരക്കേണ്ടെന്നും താൻ തമിഴ്നാട്ടിലേയ്‌ക്കു പോകുകയാണെന്നും തറപ്പിച്ച് പറഞ്ഞു. ഭയന്നു പോയ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്നു സി.ഐയുടെ നിർദേശപ്രകാരം അയർക്കുന്നം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലേയ്‌ക്കു തിരിച്ചു. മൊബൈൽ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി തമിഴ്നാട്ടിലെ വെള്ളൂർ ബസ് സ്റ്റാൻഡിൽ നിൽക്കുന്നതായി കണ്ടെത്തി. കാമുകന്റെ വീട്ടിലേയ്‌ക്കു പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്നു പെൺകുട്ടി. പൊലീസ് കുട്ടിയെ കസ്റ്റഡിയിൽ എടുത്തു.


