മകള്‍ പട്ടിണി കിടന്നു മരിച്ചത് വെളിപ്പെടുത്തിയ അമ്മക്ക് ഭ്രഷ്ട് കല്‍പ്പിച്ച് അധികാരികള്‍; രോഗം ബാധിച്ചാണ് മരിച്ചെന്ന് പറയാന്‍ നിര്‍ബന്ധിച്ചു

റാഞ്ചി: മകള്‍ മരിച്ചത് പട്ടിണികിടന്നാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞതിന്റെ പേരില്‍ സാമൂഹിക ഭ്രഷ്ട് നേരിടുകയാണ് ജാര്‍ഖണ്ഡിലെ കൊയിലി ദേവിയും കുടുംബവും. ആധാര്‍ ലിങ്ക് ചെയ്യാത്തതിനാല്‍ ഇവര്‍ക്ക് റേഷന്‍ ലഭിച്ചിരുന്നില്ല. ഇങ്ങനെ വിശന്ന് തളര്‍ന്നാണ് മകള്‍ മരിച്ചതെന്ന് കൊയിലി ദേവി പരസ്യമായി പറഞ്ഞിരുന്നു. ഗ്രാമത്തിനും രാജ്യത്തിനും ചീത്തപ്പേരുണ്ടാക്കിയെന്ന് പറഞ്ഞ് ജില്ലാ ഭരണകൂടവും പ്രദേശവാസികളും കൊയിലി ദേവിക്ക് സാമൂഹ്യഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്.

ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പട്ടിണി കിടന്നാണ് കൊയ്ലി ദേവിയുടെ മകള്‍ സന്തോഷി മരിച്ചത്. ഇക്കാര്യം കൊയ്ലി ദേവി തന്നെ വ്യക്തമാക്കിയിരുന്നു. ഈ വാദത്തില്‍ നിന്നും പിന്മാറണമെന്ന ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കൊയ്ലി ദേവിയ്ക്കെതിരെ സര്‍ക്കാറും പ്രദേശവാസികളായ ഉയര്‍ന്നജാതിക്കാരും രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊയ്ലി ദേവി അവരുടെ ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞത്. ഈ പരാമര്‍ശം ഏറ്റുപിടിച്ച് ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരും കൊയ്ലി ദേവിയ്ക്കെതിരെ തിരിയുകയായിരുന്നു. ഇവര്‍ രാജ്യത്തിനു തന്നെ ചീത്തപ്പേരുണ്ടാക്കിയെന്നും ചിലര്‍ പറഞ്ഞു. ഇതോടെ സാമൂഹ്യമായ ഭ്രഷ്ട് നേരിടുകയാണ് കൊയ്ലി ദേവിയും കുടുംബവും.

ആരും അവര്‍ക്ക് ജോലി നല്‍കാതായി. അവര്‍ക്ക് ഒന്നും വില്‍ക്കാതായി. പ്രദേശവാസികളുടെ ഭീഷണി ശക്തമായതോടെ ഭക്ഷണത്തിനുവേണ്ടിയുള്ള അവകാശത്തിനായി നിലകൊള്ളുന്ന ചിലര്‍ ഇവര്‍ക്ക് പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. ഇതോടെ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കൊയ്ലി ദേവിക്കിപ്പോള്‍.

മകള്‍ മലേറിയ മൂലമാണ് മരിച്ചതെന്ന വാദം ഒരിക്കലും ശരിയല്ലെന്നാണ് കൊയ്ലി ദേവി പറയുന്നത്. സഹിക്കാന്‍ വയ്യാത്ത വയറുവേദനയെ തുടര്‍ന്ന് മകളെ ഡോക്ടറെ കാണിച്ചപ്പോള്‍ ‘നിങ്ങളുടെ മകള്‍ക്ക് ഒരു കുഴപ്പവുമില്ല. അവള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ മാത്രം മതി’ എന്നാണ് അവര്‍ പറഞ്ഞതെന്നും സന്തോഷി പറയുന്നു.

‘ രോഗമൊന്നുമില്ലാതിരുന്ന അവള്‍ മലേറിയ കാരണമാണ് മരിച്ചതെന്ന് ഞാനെന്തിന് പറയണം?’ എന്നാണ് കൊയ്ലി ദേവി ചോദിക്കുന്നത്.

മകള്‍ പട്ടിണിമൂലമാണ് മരിച്ചതെന്ന വാദത്തില്‍ നിന്നും പിന്മാറാന്‍ ജാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചിരുന്നെന്നും അവര്‍ പറയുന്നു. ഈ വാദം തള്ളി മലേറിയ കാരണമാണ് മരണം സംഭവിച്ചതെന്നു പറഞ്ഞാല്‍ പ്രതിഫലം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതായി അവര്‍ പറയുന്നു.

എന്നാല്‍ കൊയ്ലി ദേവി തന്റെ വാദത്തില്‍ ഉറച്ചുനിന്നു. ഇതോടെ ഉദ്യോഗസ്ഥരില്‍ നിന്നും ഭീഷണിയാണ് നേരിട്ടതെന്നും അവര്‍ പറയുന്നു. മകളുടെ മൃതശരീരം കുഴിയില്‍ നിന്നെടുത്ത് പോസറ്റുമോര്‍ട്ടം നടത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ‘എന്റെ മകള്‍ മരിച്ചു. ഇനി അവരുടെ മൃതദേഹം എന്തു ചെയ്താല്‍ എന്ത്?’ എന്നു പറഞ്ഞാണ് ഈ ഭീഷണിയെ അവര്‍ നേരിട്ടത്.

Top