ആലപ്പുഴ: ദലിത് വിദ്യാര്‍ത്ഥിനിയെ കൊന്നത് കഴുത്ത് ഞെരിച്ച് ശ്വസം മുട്ടിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരിരത്തിലെ എല്ലാ പ്രധാനപ്പെട്ട അവയവങ്ങള്‍ക്ക് മാരകമായ മുറിവേറ്റു. പീഡന ശ്രമം നടന്നതായും പുറത്ത് കടിയേറ്റ പാടുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതി ക്രൂരമായ രീതിയിലാണ് മരണം നടന്നതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
മാരകമായി മുറിവേല്‍പ്പിക്കാന്‍ ബോധപൂര്‍വ്വം ആയുധം കൊണ്ട് അക്രമിക്കുകയായിരുന്നു. മരണത്തിന് മുമ്പാണ് ശരീരത്തില്‍ മാരകമായി മുറിവേറ്റിരിക്കുന്നത്. 38 ഓളം മുറിവുകളാണ് ശരിരത്തിലുള്ളതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
പീഡനശ്രമം നടന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിഎന്‍എ പരിശോധന നടത്തും. ജിഷയുടെ ഇരു ചുമലകളും ശക്തമായി പിടിച്ചു തിരിച്ച അവസ്ഥയിലായിരുന്നു. പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരിക്കാം പുറത്തു കടിച്ച് മുറിവേല്‍പ്പിച്ചിരിക്കുന്നത്. ശരീരം തുളഞ്ഞിറങ്ങുന്ന രീതിയിലുള്ള കടിയാണ് പുറത്തേറ്റിരിക്കുന്നത്.
ജിഷയുടെ ആന്തരികാവയവങ്ങളുടേതുള്‍പ്പെടെയുള്ള ഡിഎന്‍എ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും നടത്തുക.
അതേസമയം, ജിഷയുടെ കൊലപാതകത്തിലെ അന്വേഷണം സംബന്ധിച്ച് എല്ലാ വിവരങ്ങളും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാത്രമല്ല, പെരുമ്പാവൂര്‍ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചു. എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുക. ആലുവ റൂറല്‍ എസ്പിയും നാലു! ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. കൊലപാതകം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ കണ്ടെത്താനാകാത്തതിനാലാണ് അന്വേഷണ സംഘം വിപുലീകരിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
കുറുപ്പംപടി കനാല്‍ പുറമ്പോക്കു ഭൂമിയിലെ അടച്ചുറപ്പില്ലാത്തെ ചെറിയ വീട്ടില്‍ ഏപ്രില്‍ 28 നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പീഡിപ്പിച്ചതായാണു ഫൊറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഈ ശ്രമം പരാജയപ്പെട്ടതിനാലാകാം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു.
കൊലനടന്ന ഏപ്രില്‍ 28ന് ഉച്ചയ്ക്കു ശേഷം ഇവരുടെ വീടിന്റെ പരിസരത്തു കണ്ട യുവാവിനെക്കുറിച്ച് അയല്‍വാസി നല്‍കിയ വിവരണവും ജിഷയുടെ മാതാവ് രാജേശ്വരി (49) നല്‍കിയ മൊഴിയുമാണു പ്രതിയെക്കുറിച്ച് സൂചന കിട്ടാന്‍ പൊലീസിനെ സഹായിച്ചത്. കൊല നടത്തിയത് ഒരാളാണെന്നാണു പൊലീസ് നല്‍കുന്ന വിവരം.


