ജിഷയുടെ കൊലപാതകം പ്രതികള്‍ പോലീസ് പിടിയില്‍; കസ്റ്റഡിയിലുള്ളത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അയല്‍ക്കാരന്‍

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റ്ഡിയില്‍. ഒരു നത്താധ്യാപകനേയും ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരനെയുമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മുഖം മറച്ചുകൊണ്ടാണ് പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചത്. കസ്റ്റഡിയില്‍ എടുത്തയാളുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

പെരുമ്പാവൂര്‍ സ്വദേശി തന്നെയാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന. ആറടി പൊക്കമുള്ള ഒരാളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാം എന്നാണ് പൊലീസ് പറയുന്നത്. ഒരാള്‍ മാത്രമായിരിക്കില്ല സംഭവത്തില്‍ പങ്കാളിയായിട്ടുള്ളത്. അങ്ങനെയെങ്കില്‍ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. സഭവം കഴിഞ്ഞ് ദിവസങ്ങളായിട്ടും പ്രതികളെ പിടിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. കേരളത്തില്‍ വ്യാപകമായ പ്രതിഷേധങ്ങളുയര്‍ന്നതോടെയാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉച്ചക്ക് പെരുംമ്പാവൂരിലെത്തുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തുമെന്നുമാണ് കരുന്നത്.ഐ ജി പത്മകുമാറും സ്ഥലത്തെത്തിയിട്ടുണ്ട്. ഷിജിയെ ശല്യപ്പെടുത്തിയ ബന്ധുവിനെയും മാതാവ് രാജേശ്വരിയുടെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള അയല്‍വാസികളായ ഏതാനും പേരെയും ചോദ്യം ചെയ്യലിനായി രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സംഭവത്തില്‍ പട്ടികജാതി ഗോത്ര കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കി. ഡിജിപിക്കും ഹോം സെക്രട്ടറിക്കുമാണ് ജസ്റ്റിസ് പി.എന്‍. വിജയകുമാറിന്റെ നിര്‍ദ്ദേശം. ഇത്തരം അക്രമങ്ങള്‍ തടയാന്‍ പ്രത്യേക മൊബൈല്‍ സ്‌ക്വാഡ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേസ് മധ്യമേഖല ഐജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ക്രൂരവും മൃഗീയവുമായ കൊലപാതകം കേരളത്തെ നടുക്കിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ജിഷയുടെ വീട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിക്കും.

അതേസമയം, യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ ഒരാളെക്കുറിച്ച് മുമ്പ് ജിഷയുടെ അമ്മ പരാതി നല്‍കിയിരുന്നു. ഒരു പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവാണ് ഇയാള്‍. യുവതിയോടെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അന്ന് നല്‍കിയ പരാതി. എന്നാല്‍, മാനസികാസ്വാസ്ഥ്യം ഉള്ള രാജേശ്വരി നല്‍കിയ പരാതി പൊലീസ് വിശ്വാസത്തില്‍ എടുത്തില്ലെന്നാണ് ആക്ഷേപം. എന്നാല്‍, ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കും അഞ്ചു മണിക്കും ഇടയിലാണ് കുറുപ്പംപടി വട്ടോലിക്കനാലിനു സമീപത്തെ ഒറ്റമുറിവീട്ടില്‍ ജിഷ കൊലചെയ്യപ്പെട്ടത്. വീട്ടിലെത്തിയ ആരോടോ ജിഷ ഉച്ചത്തില്‍ സംസാരിച്ചുവെന്ന് പൊലീസിന് മൊഴി ലഭിച്ചെന്നാണ് സൂചന. ഇതാണ് വീട്ടുകാരെ പരിചയമുള്ളവരിലേക്ക് അന്വേഷണം നീളാനുള്ള കാരണം. ജിഷ കൊല്ലപ്പെടുമ്പോള്‍ അമ്മ ജോലിക്ക് പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ജിഷയുടെ സഹോദരിയും സംശയിച്ചിരുന്നു. മാനഭംഗം ചെയ്യപ്പെട്ട ശേഷം ജനനേന്ദ്രീയത്തില്‍ ക്രൂരമായ രീതിയില്‍ പരിക്കേല്‍പിച്ചാണ് ജിഷയെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ 30 ഓളം മുറിവുകളുമുണ്ടായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 8.30 നാണ് നാട്ടുകാര്‍ വിളിച്ചറിയിച്ച് വിവരമറിഞ്ഞ പൊലീസ് വട്ടോളിപടിയിലുള്ള ജിഷയുടെ വീട്ടില്‍ എത്തുന്നത്. കുറപ്പംപടി സി.ഐ യുടെ നേതൃത്വത്തില്‍ നടന്ന ആദ്യപരിശോധനയില്‍തന്നെ ക്രൂരമായ കാലപാതകത്തിന്റെ മുഖം വ്യക്തമായിരുന്നുവെങ്കിലും ഇത് പുറത്തുപറയാന്‍ പൊലീസ് തയ്യാറായില്ല. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ മാദ്ധ്യമ പ്രവര്‍ത്തകരോടും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. കൊലപാതകമെന്ന് സംശയം മാത്രമാണുള്ളതെന്നായിരുന്നു പൊലീസിന്റെ നിലപാട്. പിന്നീട് മകളുടെ മരണത്തെത്തുടര്‍ന്നുള്ള മനോവിഷമത്താല്‍ അവശനിലയിലായ ജിഷയുടെ മാതാവ് രാജേശ്വരിയെ പൊലീസ് പെരുമ്പാവൂര്‍ താലൂക്ക് ആശുപ്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം നടന്ന വീട് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഉന്നത പൊലീസ് സംഘമെത്തി പരിശോധിച്ചപ്പോഴും പൊലീസ് കാര്യമായ വെളിപ്പെടുത്തലിനും തയ്യാറായില്ല.

Top