അതിജീവിതയ്ക്ക് ഒരു പൊതി നൽകിയിരുന്നു”, തന്നുവിട്ടത് രാഹുലിൻ്റെയും അതിജീവിതയുടേയും സുഹൃത്ത്.ബലാത്സംഗക്കേസില്‍ രാഹുലിന് കുരുക്കായി ജോബി ജോസഫിന്റെ മൊഴി

കൊച്ചി:ഗർഭച്ഛിദ്ര -ബാലസംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്കായി രണ്ടാംപ്രതി ജോബി ജോസഫിൻ്റെ മൊഴി. അതിജീവിതയ്ക്ക് താൻ ഒരു പൊതി നൽകിയിരുന്നുവെന്ന് ജോബി ജോസഫ് സമ്മതിച്ചു. എന്നാൽ പൊതിയിൽ എന്താണെന്ന് അറിയില്ലായിരുന്നു എന്നും ജോബി പറഞ്ഞു. രാഹുലിൻ്റെയും അതിജീവതയുടെയും സുഹൃത്താണ് പൊതി തന്നു വിട്ടതെന്നും ജോബി ജോസഫ് വ്യക്തമാക്കി.

ജോബിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മുൻ‌കൂർ ജാമ്യം ലഭിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഫോൺ കൊണ്ടുവന്നില്ലയെന്നും ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടിയെടുക്കാനാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗർഭചിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയെന്നായിരുന്നു അതിജീവിത പൊലീസിന് മൊഴി നൽകിയിരുന്നത്. അതേസമയം, ബലാത്സംഗക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അതിജീവിതയെ ക‍ഴിഞ്ഞ ദിവസം കക്ഷിചേര്‍ത്തിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കുമെന്ന് അറിയിച്ചു. ഇതിനായി കോടതി രണ്ടാഴ്ചയാണ് സമയം നല്‍കിയത്. രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ നടപടി കോടതി ഈ മാസം 21 വരെ നീട്ടിയിരുന്നു.

അതേസമയം താന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് കേസിലെ അതിജീവിതയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു. കുടുംബപ്രശ്നത്തില്‍ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തുവെന്നും യുവാവ് ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും യുവാവ് പറഞ്ഞിരുന്നു. രാഹുലിന്റെ എംഎല്‍എ സ്ഥാനമാണ് കോണ്‍ഗ്രസ് ആദ്യം രാജിവെപ്പിക്കേണ്ടതെന്നും യുവാവ് ആവശ്യപ്പെട്ടു. തനിക്കും നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിൻ്റെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണ് എന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. പത്തനംതിട്ടയിലെ യുവ വ്യവസായിയാണ് ജോബി ജോസഫ്. രാഹുലിന്റെ അടുത്ത സുഹൃത്തായ ജോബിയാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് യുവതിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.

കുഞ്ഞ് ഉണ്ടായാല്‍ തൻ്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. മരുന്ന് കഴിച്ചെന്ന് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പുവരുത്തിയെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നുണ്ട്. യുവതിയുടെ മൊഴയില്‍ പറയുന്ന ഗുളികകള്‍ ഡോക്ടറുടെ കുറിപ്പടിയോടും, നിയമപരമായ മാര്‍ഗനിർദേശങ്ങളോടും കൂടി മാത്രമേ നല്‍കാന്‍ പാടുള്ളൂ. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് യുവതിക്ക് മരുന്നുകൾ കൈമാറിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Top