ന്യൂഡൽഹി:സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ ഒളിയമ്പ് എയ്ത സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയും കൊളീജിയം അംഗവുമായ ജസ്റ്റീസ് ജെ.ചെലമേശ്വർ . കേസുകൾ വിവിധ ബെഞ്ചുകൾക്ക് അനുവദിച്ചുനൽകുന്ന വിഷയത്തിൽ ചീഫ് ജസ്റ്റീസ് കൂടുതൽ ഉത്തരവാദിത്തം കാട്ടണമെന്നും ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞു . ന്യൂഡൽഹിയിൽ “ജനാധിപത്യത്തിൽ നീതിന്യായവ്യവസ്ഥയുടെ പങ്ക്’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കു നേർക്ക് ഒളിയന്പെയ്തത്. ഇംപീച്ച്മെന്‍റ് എന്നത് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റീസാണ് മാസ്റ്റർ ഓഫ് റോസ്റ്റർ. അദ്ദേഹത്തിന് അതിനുള്ള അധികാരമുണ്ടെന്നതിലും സംശയമില്ല. കേസുകളിൽ ബെഞ്ചുകൾ രൂപീകരിക്കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിനാണ്. എന്നാൽ ഭരണഘടനാ വ്യവസ്ഥയിൽ എല്ലാ അധികാരങ്ങളും ചില ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അധികാരമുള്ളതുകൊണ്ടുമാത്രമല്ല, അത് ജനങ്ങളുടെ നല്ലതിനായി ഉപയോഗിക്കേണ്ടതുമുണ്ട്. അധികാരമുണ്ടെന്ന കാരണത്താൽ അത് വെറുതെ പ്രയോഗിക്കാൻ തുനിയരുത്- ചെലമേശ്വർ പറഞ്ഞു.
എല്ലാ പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും ഇംപീച്ച്മെന്‍റ് പരിഹാരമല്ലെങ്കിലും അത്തരത്തിൽ ആവശ്യപ്പെടുന്നതിനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നു പറഞ്ഞ ജസ്റ്റീസ് ചെലമേശ്വർ, സർവീസിൽനിന്നു വിരമിച്ചശേഷം താൻ സർക്കാർ നൽകുന്ന സ്ഥാനമാനങ്ങൾ സ്വീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു.ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ പ്രതിപക്ഷ പാർട്ടികൾ ഇംപീച്ച്മെന്‍റ് നീക്കവുമായി മുന്നോട്ടുനീങ്ങുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയുടെ പരാമർശം.


