കൊച്ചി: മുല്ലപ്പള്ളിയെ തള്ളി കുഞ്ഞാലിക്കുട്ടിയും മുരളിയും..കേരളത്തിലും ബംഗാൾ മോഡലിൽ സിപിഎമ്മുമായി സഹകരിക്കാമെന്ന കെപിസിസി അധ്യക്ഷന്‍റെ നിലപാട് തള്ളി പാർട്ടി പ്രചാരണ വിഭാഗം അധ്യക്ഷൻ കെ. മുരളീധരൻ രംഗത്ത് . സംസ്ഥാനത്ത് ബിജെപിയെ തോല്പിക്കാൻ കോൺഗ്രസ്സിന് സിപിഎമ്മിന്‍റെ ഒരു സഹായവും വേണ്ടെന്നും ഇവിടെ മുഖ്യശത്രു സിപിഎം തന്നെയാണെന്നും മുരളീധരൻ പറഞ്ഞു.കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കേണ്ട കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി ഒരു ശക്തിയേ അല്ലെന്നും സി.പി.എമ്മിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്നും കെ.മുരളീധരന്‍ തുറന്നടിച്ചു.
സി.പി.എമ്മുമായി ബംഗാളില്‍ ധാരണയുണ്ടാക്കിയത് കേരളത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുമോയെന്ന ചോദ്യത്തിനായിരുന്നു കെ.പി.സി.സി പ്രസിഡന്‍റിന്‍റെ മറുപടി. തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പറഞ്ഞു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ നിലപാട് തള്ളി കെ മുരളീധരന്‍ എം.എല്‍.എ രംഗത്തുവന്നത്. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഭരണ, പ്രതിപക്ഷ കക്ഷികളായി തുടരുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
യാത്രക്ക് ആളെക്കൂട്ടാനാണ് മുല്ലപ്പള്ളി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ പ്രതികരണം. മുല്ലപ്പള്ളിയുടെ ഉപദേശം കേട്ട് പ്രവർത്തിക്കേണ്ട കാര്യം സി.പി.എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന എതിരാളി ബിജെപിയാണെന്ന് പ്രഖ്യാപിച്ച് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കിയ ഉമ്മൻചാണ്ടിയുടെ അരുവിക്കര തന്ത്രമാണ് മുല്ലപ്പള്ളി പയറ്റിയത്. ന്യൂനപക്ഷ വോട്ട് സമാഹരണം തന്നെയായാണ് പ്രധാന ലക്ഷ്യം.
പക്ഷേ, ഇത് ബിജെപിക്ക് നല്ല വടി കൊടുത്തതാകുമെന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്. ബംഗാളിലെ സഖ്യനീക്കം തന്നെ ബിജെപി ആയുധമാക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് കൂടുതൽ സമ്മർദ്ദത്തിലാകില്ലേ എന്ന ചോദിക്കുന്ന പാർട്ടി നേതാക്കൾക്കൊപ്പമാണ് കെ.മുരളീധരൻ.
”ഇവിടെ യുഡിഎഫ് – എൽഡിഎഫ് മത്സരമേ ഉള്ളൂ. ബിജെപിക്ക് ആകെ പ്രതീക്ഷ വയ്ക്കാനാകുന്നത് തിരുവനന്തപുരവും പത്തനംതിട്ടയുമായിരിക്കും. അവിടെ മത്സരമേ കാഴ്ച വയ്ക്കാനാകൂ. ജയിക്കാനൊന്നും പോകുന്നില്ല. അങ്ങനെയൊരു ബിജെപിയെ തോൽപിക്കാൻ ഞങ്ങൾക്കെന്തിനാണ് സിപിഎം?”
പിന്നെയെന്തിനാകും മുല്ലപ്പള്ളിയുടെ ആ പ്രസ്താവന എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: “ഏത് സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നറിയില്ല.”
കെപിസിസി അധ്യക്ഷനും പ്രചാരണവിഭാഗം തലവനും രണ്ടഭിപ്രായം പറഞ്ഞതോടെ കോൺഗ്രസിലാകെ ആശയക്കുഴപ്പമായി. കോൺഗ്രസ്സിന്‍റെ ശക്തിക്ഷയത്തിലൂന്നി പരിഹസിച്ചായിരുന്നു എം എ ബേബിയുടെ മറുപടിയും.കോൺഗ്രസ്സും സിപിഎമ്മും പരസ്പരം ബിജെപി രഹസ്യബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും മുഖ്യശത്രു ആരെന്ന ചോദ്യവും ഉന്നയിക്കുമ്പോഴും ബിജെപി സന്തോഷിക്കുന്നു. കേരള രാഷ്ട്രീയ ബിജെപി കേന്ദ്രീതമായി മാറിയെന്നാണ് പി എസ് ശ്രീധരൻപിള്ളയുടെ പ്രതികരണം.