കൂടത്തായിയിലെ കൊലപാതകങ്ങളിൽ ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി സിപിഎം. ആദ്യ കൊലപാതകങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടിയുടെ കാലത്ത്; കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ബാക്കിയുള്ള മരണങ്ങള്‍ തടയാമായിരുന്നെന്നും മന്ത്രി കടകംപ്പള്ളി

കാസര്‍ഗോഡ്: കൂടത്തായി കൊലപാതക പരമ്പരയില്‍ രാഷ്ട്രീയ പോരാട്ടവും തുടങ്ങി .കുടത്തായിലെ കൊലപാതക പരമ്പരയില്‍ ആദ്യ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്ന് ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍.മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. മരണങ്ങളെ പറ്റി അന്ന് ശരിയായി അന്വേഷിച്ചിരുന്നെങ്കില്‍ മറ്റുകൊലപാതകങ്ങള്‍ നടക്കില്ലായിരുന്നെന്നും കടകംപ്പള്ളി പറഞ്ഞു.

ശബരിമലയിലെ ഇടതുപക്ഷത്തിന്റെ നിലപാട് കൃത്യമായി ജനങ്ങളോട് പറയാന്‍ സാധിച്ചില്ലെന്നും വിശ്വാസ സംരക്ഷകര്‍ അല്ലെന്ന് കരുതി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങളെ തോല്‍പ്പിച്ചെന്നും കടകംപ്പള്ളി എല്‍.ഡി.എഫിന്റെ കുടുംബയോഗത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

അതേസമയം കൂടത്തായ് കൊലപാതക പരമ്പര പുതിയ വഴിത്തിരിവിലേക്കാണ് പോകുന്നത്. കൊലപാതകവുമുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കസ്റ്റഡിയില്‍ എടുത്തു. ഷാജുവിനെ വടകര എസ്.പി ഓഫീസിലേക്ക് കൊണ്ടുപോയി. ഷാജുവിനെ ക്രൈംബ്രാഞ്ച് രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിനിടെ കൂടത്തായി കൊലപാതകങ്ങള്‍ ഓരോന്നും ആസൂത്രണം ചെയ്തത് മാത്യുവിന്റെ കൂടി നിര്‍ദേശത്തെ തുടര്‍ന്നെന്ന് അറസ്റ്റില്‍ കഴിയുന്ന ജോളിയുടെ മൊഴി. മാത്യു കൂടി അറിഞ്ഞിട്ടാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്നും ജോളി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാത്യുവുമായി പങ്കുവെച്ചിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും മാത്യുവുമായി സംസാരിച്ചാണ് മുന്നോട്ടുപോയതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.പൊലീസ് കസ്റ്റഡിയിലാകുന്നതിന്റെ തലേ ദിവസവും മാത്യുവുമായി സംസാരിച്ചു. ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ആരും നിന്നെ പിടികൂടാന്‍ പോകുന്നില്ലെന്നും മാത്യു പറഞ്ഞെന്നും ജോളിയുടെ മൊഴിയിലുണ്ട്.

മാത്യുവുമായി ആലോചിച്ചാണ് ഓരോ ഘട്ടത്തിലും മുന്നോട്ടു പോകുന്നത്. കൊലപാതകങ്ങളില്‍ തനിക്ക് എത്രത്തോളം പങ്കുണ്ടോ അത്രത്തോളം പങ്ക് തന്നെ മാത്യുവിനും ഉണ്ടെന്നാണ് ജോളി മൊഴി നല്‍കിയത്.പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പോലും അറസ്റ്റിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് താന്‍ കരുതിയില്ലെന്നും ജോളി പറഞ്ഞിട്ടുണ്ട്. റോയിയുടെ അമ്മയുടെ സഹോദരന്റെ മകന്‍ കൂടിയാണ് മാത്യു.

നിലവില്‍ മാത്യു റിമാന്‍ഡിലാണ്. മാത്യുവുമായി താന്‍ പങ്കുവെച്ച കാര്യങ്ങളെല്ലാം ഷാജുവുമായും പങ്കുവെച്ചിട്ടുണ്ടെന്നാണ് ജോളിയുടെ മൊഴി. സിനിയുടേയും മകളുടേയും മരണമുള്‍പ്പെടെ ഷാജുവിന് അറിയാമെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. മാത്യുവിനും പ്രജുവിനും പുറമെ കൊലപാതകത്തില്‍ ആര്‍ക്കൊക്കെ പങ്കാളിത്തമുണ്ടെന്നാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്.

ആറ് ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന ജോളി ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്യു സാമുവല്‍, പ്രജു കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തവരാണ് മാത്യുവും പ്രജു കുമാറും. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Top