തൃശൂര്‍: കലാഭവന്‍ മണിയെ കൊന്നതുതന്നെയാണെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടെ നടന്നവരെ തന്നെയാണ് എനിക്ക് സംശയം. സാമ്പത്തികമാണ് ഇതിന്റെ പിന്നില്‍. പാടിയ്ക്കടുത്ത് കുറച്ചുസ്ഥലം വാങ്ങാനുള്ള പദ്ധതിയുണ്ടായിരുന്നു. അതിനായി കടം കൊടുത്ത കാശ് ചേട്ടന്‍ തിരിച്ചു ചോദിക്കുന്ന സമയമായിരുന്നു. അതില്‍ എതിര്‍പ്പുള്ളവരാണ് ചേട്ടനെ കൊന്നത്. ഇത് ചോദിച്ചുതുടങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ തന്നെയാണ് കലാഭവന്‍ മണിയെ വകവരുത്തിയതെന്നും രാമകൃഷ്ണന്‍ പറയുന്നു.
അതും ഒറ്റയടിക്ക് ഇല്ലായ്മ ചെയ്തതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയായിരുന്നു. രണ്ടുമൂന്ന് മാസങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാകാനാണ് സാധ്യത. ആരോഗ്യം തകര്‍ത്ത് പതിയെ കൊല്ലുന്ന വല്ല സ്ലോപോയിസണിങ്ങും നല്‍കാനാണ് സാധ്യത. കോടികള്‍ ചേട്ടന് തിരികെ കിട്ടാനുണ്ട്. ഇതിന്റെ പേരില്‍ ഊമകത്തുകളൊക്കെ ഞങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടാറുണ്ട്. പണമിടപാടിന്റെ കാര്യങ്ങളൊന്നും കുടുംബവുമായി പങ്കുവെയ്ക്കാറില്ലായിരുന്നു. കുടുംബമായിട്ട് വരെ മണിയെ അകറ്റിയത് ഈ സുഹൃത്തുക്കളാണ്. മുരുകനെ കൊണ്ടുവന്നത് മറ്റൊരു സുഹൃത്താണ്. പെട്ടന്ന് വന്നുകയറിയ സുഹൃത്താണ് മുരുകന്‍. ഇവരൊന്നും അറിയാെത ഒന്നും സംഭവികില്ല. ഇവരുടെയൊക്കെ അറിവോടെയുള്ള ആസൂത്രിതമായ കൊലപാതകമായിരുന്നു.
എല്ലാവരും വാക്കാല്‍ സാഹായം പറഞ്ഞെങ്കിലും അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഒരു ഇടപെടലുകളും നടത്തുന്നില്ല. ചേട്ടന്‍ കള്ളകുടിച്ചല്ലേ മരിച്ചത് അത് കൊണ്ട് കൂടുതല്‍ അന്വേഷണം വേണ്ടെന്നും ചില പോലീസുകാര്‍ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞതായും രാമകൃഷ്ണന്‍ വെളിപ്പെടുത്തി. രാമകൃഷ്ണന്റെ ഈ ആരോപണങ്ങള്‍ തള്ളിക്കളയാന്‍ പോലീസിനാകില്ല. ഒരു മാസം കഴിഞ്ഞിട്ടും കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ നിലച്ചിരിക്കുകയാണ്. ഇതിനിടയിലാണ് സഹോദരന്റെ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നത്.


