ന്യൂഡല്‍ഹി:രാജ്യത്തെ നിയമ വ്യവസ്ഥയിലും ഭരണ ഘടനയിലും തനിക്ക് പൂര്‍ണ വിശ്വാസമെന്ന് കനയ്യ കുമാര്‍ പറഞ്ഞു. ആസാദി മുദ്രാവാക്യവുമായി കനയ്യ ജെ.എന്‍.യുവിലെത്തിയത്.ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന വിദ്യാര്‍ത്ഥി സമൂഹത്തിനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായി കനയ്യ പറഞ്ഞു.ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയ്ക്കകത്തുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയ ഉപകരണമാക്കിയെന്നു കനയ്യ കുമാര്‍ പറഞ്ഞു. തന്നെ പിന്തുണച്ചവര്‍ക്കെല്ലാമുള്ള നന്ദിയും കനയ്യ രേഖപ്പെടുത്തി. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റിലിരുന്നു ശരിയും തെറ്റും നിര്‍ണയിച്ച രാഷ്ട്രീയക്കാര്‍ക്കും അവരുടെ പോലീസിനും അവരുടെ മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞു കൊള്ളുന്നുവെന്നും പരിഹാസ രൂപേണ കനയ്യ പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. എ.ബി.വി.പിയെ ശത്രുക്കളായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തെ പോലെയാണ് ഞങ്ങള്‍ അവരെ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എനിക്ക് എതിര്‍പ്പുകളുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞത് സത്യമേവെ ജയതേ എന്നാണ് അതിനോട് എനിക്ക് യോജിപ്പാണുള്ളത്. ഇപ്പോള്‍ നടക്കുന്നത് വളരെ ആസൂത്രിതമായ ആക്രമണമാണ്.
രോഹിത് വെമുല വിഷയത്തില്‍ നിന്നും യു.ജി.സി പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ളതാണ്. ജെ.എന്‍.യുവില്‍ പ്രവേശനം കിട്ടുക എളുപ്പമല്ല. അതു പോലെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കാനും കഴിയില്ല. ഇന്ത്യയില്‍ നിന്നുള്ള സ്വതന്ത്ര്യമല്ല ആവശ്യപ്പെട്ടത്. രാജ്യത്തിനകത്ത് സ്വാതന്ത്ര്യം വേണമെന്നാണ് പറഞ്ഞത്. അഴിമതിയില്‍ നിന്നും വിശപ്പില്‍ നിന്നുമാണ് സ്വാതന്ത്ര്യം ആവശ്യപ്പെട്ടത്. രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരെയും അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോടും തികഞ്ഞ ബഹുമാനമാണുള്ളത്. മോദി മന്‍കീ ബാത്ത് പറയുന്നു പക്ഷെ അദ്ദേഹം കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. സീതാറാം യെച്ചൂരിയെയും രാഹുല്‍ ഗാന്ധിയെയും ഡി രാജയെയും കെജ്‌രിവാളിനെയും എന്റെ കൂടെ ദേശദ്രോഹത്തിന് ജയിലിലിട്ടു. ‘രാജ്യദ്രോഹം’ രാഷ്ട്രീയ ആയുധമായി പ്രയോഗിക്കപ്പെടുകയാണ്.
കനയ്യ കുമാറിന് നല്‍കിയ സ്വീകരണത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇന്ത്യാവിരുദ്ധ പരിപാടി സംഘടിപ്പിച്ചെന്നും മുദ്രാവാക്യം വിളിച്ചെന്നും ആരോപിക്കപ്പെട്ട് അറസ്‌റ്റിലായ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെഎന്‍യു) വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ തിഹാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു. കനയ്യയ്ക്ക് ഡല്‍ഹി ഹൈക്കോടതി ആറുമാസത്തേക്കു സോപാധിക ജാമ്യം അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കനയ്യയെ ജയിലില്‍നിന്ന് മോചിപ്പിച്ചത്.