കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളം റെഡി എന്നാൽ താമസിക്കാൻ ഇടമില്ല!..കണ്ണൂർ വിമാനത്താവളം മാസങ്ങൾക്കകം പ്രവർത്തനസജ്ജമാകാനിരിക്കെ, കിയാൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും താമസസൗകര്യം ഇല്ല എന്ന ഗുരുതരമായ വിഷയം ചോദ്യചിഹ്നമാകുന്നു. വിമാനത്താവളത്തിലെയും അനുബന്ധ വിഭാഗങ്ങളിലെയും ജീവനക്കാരുടെ താമസത്തിന് ഔദ്യോഗികമായ സംവിധാനങ്ങളൊന്നും നിലവിൽ സജ്ജമായിട്ടില്ല. രണ്ടായിരത്തി അഞ്ഞൂറോളം പേർക്കെങ്കിലും അടിയന്തരമായി താമസസൗകര്യം വേണ്ടി വരുമെന്നാണു കിയാൽ അധികൃതരുടെ തന്നെ കണക്കുകൂട്ടൽ.
പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെട്ടിട നിർമാതാക്കളുടെയും ആർക്കിടെക്റ്റുകളുടെയും അടിയന്തര യോഗം നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് വിളിച്ചു ചേർത്തു. വിമാനത്താവള പരിസരത്തു കെട്ടിടങ്ങൾ നിർമിക്കാൻ തയാറുള്ളവർക്കു കിയാൽ എല്ലാ സഹായങ്ങളും നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രശ്നത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത്, കണ്ണൂർ വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും താമസത്തിനുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള എല്ലാ അനുമതികളും ഉടനടി ലഭ്യമാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്നു യോഗം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു.
രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് അടിയന്തരമായി താമസ സൗകര്യം ഏർപ്പെടുത്തുകയെന്നതു വെല്ലുവിളി തന്നെയാണെന്നു കിയാൽ അധികൃതർ ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സംരക്ഷണ സേനയിൽ (സിഐഎസ്എഫ്) മാത്രം 690 പേരുണ്ടാകും. കുടുംബ സമേതം താമസിക്കാനുള്ള ഫ്ലാറ്റുകൾക്കു പുറമേ, ഒറ്റമുറി ഫ്ലാറ്റുകളും ധാരാളമായി വേണ്ടി വരും. സ്വന്തമായി സ്ഥലമുള്ള കെട്ടിടനിർമാതാക്കൾ രംഗത്തു വരണമെന്നു കിയാൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കിയാലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കെട്ടിട നിർമാണത്തിനു വാടകയ്ക്കു നൽകാനും തയാറാണ്.
സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് അനുമതികളും ലൈസൻസുകളും ലഭിക്കാനുള്ള കാലതാമസം നിർമാണ പ്രവർത്തനങ്ങൾക്കു തടസ്സമാവുമെന്ന ആശങ്ക നിർമാതാക്കൾ ഉന്നയിച്ചതിനെ തുടർന്നാണ് ഏകജാലക സംവിധാനം ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയത്.


