ന്യൂഡല്‍ഹി: വിവാദമായ കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ കേന്ദ്രം ഇളവ് വരുത്തി. കന്നുകാലികളെ കശാപ്പിനായി വിൽക്കരുതെന്ന് കാണിച്ച് കഴിഞ്ഞ വർഷം മേയിൽ ഇറക്കിയ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയത്. മുൻ വിജ്ഞാപനത്തിലെ കശാപ്പ് എന്ന വാക്ക് 2018ലെ കരട് വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുൻ വിജ്ഞാപനത്തിലെ ‘പ്രായവും ആരോഗ്യവും കുറഞ്ഞ കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്ന’ വാചകം മാത്രമാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിൽ നിലനിറുത്തിയിട്ടുള്ളത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമം 2017 എന്നപേരിൽ ഇറക്കിയ വിജ്ഞാപനത്തിൽ കന്നുകാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നൽകാതെ വിൽപനയ്ക്കായി പോലും എത്തിക്കരുതെന്നും കന്നുകാലികളെ വാങ്ങുന്നയാൾ കർഷകനാണെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. ഈ വ്യവസ്ഥയും പൂർണമായും ഒഴിവാക്കി. 2017ൽ ഇറക്കിയ വിജ്ഞാപനത്തിന്റെ നേർപകുതി മാത്രമാണ് ഇപ്പോഴത്തെ വിജ്ഞാപനം. കന്നുകാലി വിൽപന കേന്ദ്രങ്ങൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിന് പുതിയ കമ്മിറ്റിയെ നിയോഗിക്കാനും കരട് വിജ്ഞാപനത്തിൽ വ്യവസ്ഥയുണ്ട്. വിൽപന സംബന്ധിച്ച രേഖകൾ സൂക്ഷിക്കണം, വിൽപന കേന്ദ്രങ്ങളിൽ നല്ല ജീവിത സാഹചര്യങ്ങളുണ്ടാവണം എന്നീ വ്യവസ്ഥകളും ഉൾപ്പെടുത്തി.


