കാവ്യയുടെ കാമുകനെതിരേ കേസ്; ചുമത്തിയത് ലൈംഗിക പീഡനക്കുറ്റം

സ്‌കൂള്‍ അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെതിരേ കേസെടുത്തു. ലൈംഗിക പീഡന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗമാണ് കേസെടുക്കാന്‍ അന്വേഷണസംഘത്തിനു നിര്‍ദേശം നല്‍കിയത്. യുവതി ആത്മഹത്യ ചെയ്തിട്ട് ഒരു മാസം പിന്നിട്ടു കഴിഞ്ഞു. എന്നിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. നാഷണല്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ കാവ്യ ലാലാണ് (24) ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. 2017 ഓഗസ്റ്റ് 24നാണ് കാവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബിന്‍ എന്ന യുവാവുമായി കാവ്യ ആറു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം അബിന്‍ ഒഴിവാക്കിയതാണ് കാവ്യയുടെ ആത്മഹത്യക്കു കാരണമെന്ന് അമ്മ ആരോപിച്ചിരുന്നു. കാവ്യയുടെ വാട്‌സപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അബിനെതിരേ പോലീസ് ലൈംഗിക കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ലൈംഗികമായി ചൂഷണം ചെയ്തശേഷമാണ് തന്നെ അബിന്‍ ഉപേക്ഷിക്കുന്നതെന്ന കാര്യം ബന്ധുക്കളെ അറിയിക്കുമെന്ന് കാവ്യയുടെ വാട്‌സപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് 376ാം വകുപ്പ് പ്രകാരമാണ് അബിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അബിന്‍ നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഈ ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്.

Top