തിരുവനന്തപുരം: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ തിരഞ്ഞെടുത്തു എന്ന് സൂചന. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. പത്തുദിവസം നീണ്ട നാടകീയമായ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് അന്തിമ തീരുമാനമായത്. ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഇന്ദിരാ ഭവനില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ മുദ്രവെച്ച കവര്‍ തുറക്കുന്നതോടെ പ്രഖ്യാപനം ഔദ്യോഗികമാകും. ദേശീയ മാധ്യമമായ സൗത്ത് ഫസ്റ്റ് ആണ് ഈ വാര്‍ത്ത എക്‌സ്‌ക്ലൂസീവായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുദ്രവെച്ച കവറില്‍ നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. ഇന്ന് ഒരു മണിക്ക് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് നിയമസഭാ കക്ഷി യോഗം നടക്കുന്നത്.കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വി ഡി സതീശനും രമേശ് ചെന്നിത്തലയും യോഗത്തിലുണ്ടാകും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡല്‍ഹിയിലാണ് ഉള്ളത്. ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷി നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നാണ് വിവരം.
വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ മറികടന്നാണ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ കെ.സി മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. 63 വയസ്സുകാരനായ വേണുഗോപാല്‍ നിലവില്‍ ആലപ്പുഴയില്‍ നിന്നുള്ള ലോക്‌സഭാ എം.പി ആയതിനാല്‍, ആറു മാസത്തിനുള്ളില്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കേണ്ടതുണ്ട്. ബുധനാഴ്ച വൈകിട്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നടത്തിയ ചര്‍ച്ചയിലാണ് കെ.സിയുടെ കാര്യത്തില്‍ അന്തിമ ധാരണയായത്. തുടക്കത്തില്‍ വി.ഡി. സതീശനായി പ്രിയങ്ക ഗാന്ധി വാദിച്ചെങ്കിലും, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെ.സി കാണിച്ച കരുത്താണ് രാഹുലിനെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. ഒടുവില്‍ സോണിയ ഗാന്ധിയുടെ ഇടപെടലോടെയാണ് കെ.സിയുടെ പേരില്‍ സമവായമുണ്ടായത്.










