കണ്ണൂർ : കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കം സമൂഹമാധ്യമങ്ങളിൽ പരസ്യ പോരിലേക്ക്. കെസി വേണുഗോപാലിനെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കെ സുധാകരന് എതിരെ രൂക്ഷമായ സൈബർ ആക്രമണം. പിന്നാലെ കെ സുധാകരൻ കമന്റ് ബോക്സ് പൂട്ടി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി കെ സി വേണുഗോപാല്‍. നാലാം തിയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ടത് കെ സി വേണുഗോപാലിന്റെ സംഘടനാ മികവാണെന്നും കെ സി വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ സജീവമമാകണമെന്നും കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കെ.സി. വേണുഗോപാലിന് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് സുധാകരൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവമാകുന്നതിനിടെയാണ് കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് എന്നതും ശ്രദ്ധേയം.കെസി വേണുഗോപാലിനെ രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യർ, സന്ദീപ് വാര്യർ ഉൾപ്പെടെ കൂടുതൽ പേർ രംഗത്തെത്തി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു സ്ഥാനാർത്ഥി എന്നുള്ള നിലയ്ക്ക് ഏറ്റവും മനോഹരമായി തെരഞ്ഞെടുപ്പിനെ കോർഡിനേറ്റ് ചെയ്തത് കെ സി വേണുഗോപാൽ ആയിരുന്നു എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കുമെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. കെസി വേണുഗോപാലിന്റെ അർഹതക്ക് മാധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ടയെന്നും സന്ദീപ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്കായും വിഡി സതീശനായും നേതാക്കൾ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും, തിരഞ്ഞെടുപ്പ് ശേഷവും നീണ്ടുനിന്ന മുഖ്യമന്ത്രി ചർച്ച ദേശീയ നേതാക്കൾ ഇടപെട്ടാണ് അവസാനിപ്പിച്ചിരുന്നത്.
മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ പോരില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എല്ലാവരും വിജയ പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി ചർച്ചയ്ക്ക് സമയം ആയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കൃത്യമായ നടപടി ക്രമമുണ്ട്. സോഷ്യൽ മീഡിയ ഫേക്ക് അക്കൗണ്ടിലാണ് ചില പേരുകൾ ഉയരുന്നതെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സുധാകരന്റെ ഫേസുബുക്ക് പോസ്റ്റിൽ സണ്ണി ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചു. കെ സുധാകരന് അഭിപ്രായം ഉണ്ടെങ്കിൽ പറയേണ്ട വേദിയിൽ പറയാം. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ആരും അഭിപ്രായം പറയേണ്ടതില്ല. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം ഉണ്ട്. മുതിർന്ന നേതാക്കൾ പറയേണ്ട സമയം പറയേണ്ട സ്ഥലത്തു പറയണമെന്ന് സണ്ണി ജോസഫ് പറഞ്ഞു.










