സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിനെതിരായ ആർഎസ്എസ് – ബിജെപി പ്രചാരണത്തിൽ ആശങ്കയോടെ കേരളത്തിലെ അന്യസംസ്ഥാനതൊഴിലാളികളും കുടുംബാംഗങ്ങളും. ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കൊലപ്പെടുത്തുന്നു എന്നരീതിയിലാണ് വ്യാപകമായി കേരളത്തിൽ പ്രചാരണം നടത്തുന്നത്. ഇതിനു പിന്നിൽ ബിജെപി- ആർഎസ്എസ് സംഘപരിവാർ നേതൃത്വമാണെന്ന സൂചനകളാണ് ഇപ്പോൾ ഒരു വിഭാഗം നൽകുന്നത്.
കേരളത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് മറുപടി കാമ്പയിൻ. ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ മറുപടി കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്നും കൊലചെയ്യപ്പെടുന്നു എന്നും സൂചിപ്പിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ വ്യാജമാണെന്ന് വിശദീകരിക്കുന്ന വീഡിയോ, തൊഴിലാളികൾ വിവിധ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.
വർഷങ്ങളായി കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിലാണ് പൊടുന്നനെയുണ്ടായ വ്യാജ പ്രചരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ അക്രമിക്കപ്പെടുന്നുവെന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് വിശദീകരിച്ച് ഇവർ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി വീഡിയോ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു കഴിഞ്ഞു. കേരളത്തിൽ സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്നുവെന്നാണ് സന്ദേശങ്ങളുടെ ഉള്ളടക്കത്തിൽ വ്യക്തമാക്കുന്നത്.
ബംഗാൾ അടക്കമുള്ള ചില സ്ഥലങ്ങളിൽ കേരളത്തെ കുറിച്ച് നടക്കുന്ന പ്രചരണങ്ങൾ തെറ്റാണെന്ന് അവിടെയുള്ളവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും ഇതൊടൊപ്പം ആരംഭിച്ചു. കേരളത്തിൽ ഇതര സംസ്ഥാനക്കാരെ തല്ലി കൊല്ലുന്നുവെന്ന പ്രചരണത്തിന് പിന്നിൽ ആരാണെന്നതിനെ കുറിച്ചുള്ള അന്വേഷണം കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ആരംഭിച്ചു. കോഴിക്കോട്ടെ ഒരു ഹോട്ടൽ തൊഴിലാളി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിച്ചു തുടങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
പ്രചരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും കേരളത്തിൽ തൊഴിലാളികളോട് വർഗ്ഗീയ സമീപനമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് വ്യാജസന്ദേശങ്ങൾക്ക് പിന്നിലെന്നും കോഴിക്കോട്ടെ ഹോട്ടൽ ഉടമകൾ ആരോപിച്ചിരുന്നു. വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് മുന്നൂറോളം തൊഴിലാളികൾ തൊഴിലുപേക്ഷിച്ച് നാടുകളിലേക്ക് മടങ്ങുകയുണ്ടായി.
ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ കുടുങ്ങി നാട്ടിലേക്ക് മടങ്ങരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരളം എല്ലാവർക്കും സുരക്ഷ ഉറപ്പു വരുത്തുന്ന സംസ്ഥാനമാണ്. ഒരു തരത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ല. തെറ്റായ സന്ദേശങ്ങളിൽ ആരും കുടുങ്ങരുതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ വ്യാപകമായി കൊലപ്പെടുത്തുകയാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രചരണങ്ങളെ ക്കുറിച്ച് വിശദീകരിക്കാൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡി.ജി.പി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്നും യാതൊരു തരത്തിലുമുള്ള ആശങ്കയും വേണ്ടെന്നും ഡിജിപി പറഞ്ഞു.ഹിന്ദി, ബംഗാളി ഭാഷകളിൽ ബെഹ്റ വ്യാജപ്രചാരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.
കോഴിക്കോട് ജോലി ചെയ്യുന്ന ഹോട്ടൽ തൊഴിലാളികളെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തുകയാണെന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ വാട്സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു.


