കോട്ടയം : കേരള കോൺഗ്രസ് എം മത്സരിക്കുന്ന 12 സീറ്റുകളിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കി.പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽനിന്ന് ജനവിധി തേടും. കടുത്തുരുത്തിയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് നിർമല ജിമ്മി മത്സരിക്കും. കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പട്ടികയിൽ നിഷയുടെ പേരില്ല. പാലായും കടുത്തുരുത്തിയും അടക്കം കേരള കോൺഗ്രസ് എം മത്സരിക്കുന്ന 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചത്. സിറ്റിങ്ങ് എം.എൽ എമാരായ റോഷി അഗസ്റ്റിൻ ഇടുക്കിയിലും സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാറിലും ജോബ് മൈക്കിൾ ചങ്ങനാശേരിയിലും, ഡോ. എൻ.ജയരാജ് കാഞ്ഞിരപ്പളളിയിലും പ്രമോദ് നാരായൺ റാന്നിയിലും വീണ്ടും മത്സരിക്കും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ച് തോറ്റ ജോസ് കെ മാണി ഇത്തവണ പാലായിൽ തന്നെ മത്സരിക്കാനിറങ്ങുമോ എന്നതായിരുന്നു രാഷ്ട്രീയ ആകാംക്ഷ. ഭാര്യയെ മത്സരിപ്പിച്ച് മാറിനിൽക്കും എന്നുളള അഭ്യൂഹങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട് ജോസ്.കെ.മാണി പാലായിൽ വീണ്ടും പോരിനിറങ്ങുകയാണ്. കേരളാ കോൺഗ്രസിന്റെ കളിത്തൊട്ടിലായ കടുത്തുരുത്തിയിൽ നിർമ്മലാ ജിമ്മിയാണ് സ്ഥാനാർഥി. പിറവത്ത് സാബു കെ. ജേക്കബും തൊടുപുഴയിൽ സിറിയക് ചാഴികാടനും ഇരിക്കൂറിൽ മാത്യു കുന്നപ്പിളളിയും പെരുമ്പാവൂരിൽ ബേസിൽ പോളും ചാലക്കുടിയിൽ ബിജു ചിറയത്തും മത്സരിക്കും.
എൻസിപി സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിച്ചു. എതിർപ്പുകൾ തളളി മന്ത്രി എകെ ശശീന്ദ്രൻ എലത്തൂരിൽ വീണ്ടും മത്സരിക്കും.കുട്ടനാട്ടിൽ തോമസ് കെ തോമസും മലപ്പുറത്ത് കെ.ടി മുജീബും സ്ഥാനാർഥികളാവും. എലത്തൂരിൽ ഒറ്റക്കെട്ടായി മത്സരിക്കുമെന്നാണ് ശശീന്ദ്രൻെറ പ്രതികരണം.
ഐ.എസ്.ജെ,ഡി മത്സരിക്കുന്ന ചിറ്റൂരിൽ മുരുകദാസും തിരുവല്ലയിൽ മാത്യു ടി തോമസും എറണാകുളത്ത് സാബു ജോർജും സ്ഥാനാർഥികളാകും. കോവളം സീറ്റിലെ സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കും. ജനതാദൾ എസ് വിട്ട് പുതിയപാർട്ടിയായ ഐ.എസ്.ജെ,ഡി മോതിരം ചിഹ്നത്തിലാകും മത്സരിക്കുക. കുന്നത്തൂരിൽ ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ വീണ്ടും മത്സരിക്കും. തുടക്കത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചരണരംഗത്ത് സജീവമായി.
കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ
- പാലാ – ജോസ് കെ.മാണി
- ഇടുക്കി – റോഷി അഗസ്റ്റിൻ
- കാഞ്ഞിരപ്പള്ളി – ഡോ. എൻ.ജയരാജ്
- ചങ്ങനാശ്ശേരി – അഡ്വ. ജോബ് മൈക്കിൾ
- പൂഞ്ഞാർ – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
- ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്
- റാന്നി – പ്രമോദ് നാരായൺ
- തൊടുപുഴ – സിറിയക് ചാഴികാടൻ
- പിറവം – സാബു കെ. ജേക്കബ്
- ഇരിക്കൂർ – മാത്യു കുന്നപ്പള്ളി
- കടുത്തുരുത്തി – നിർമല ജിമ്മി
- പെരുമ്പാവൂർ – ബേസിൽ പോൾ










