പത്തു കോടിയുടെ ഓണം ബമ്പറിന് വൻ ഡിമാൻഡ്

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുമായെത്തിയ ഈ വർഷത്തെ ഓണം ബമ്പറിന് വിപണിയിൽ വൻ ഡിമാൻഡ്. ജൂലായ് 25ന് ആരംഭിച്ച ഓണം ബമ്പർ ഭാഗ്യക്കുറി വിൽപ്പന സർവകാല റെക്കോഡിലേക്കാണ് കുതിക്കുന്നത്.

ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മൂന്നാഴ്ചയോളം പിന്നിട്ടപ്പോൾ 42.50 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ അച്ചടിച്ചിട്ടുള്ള നാൽപ്പത് ലക്ഷം ടിക്കറ്റുകളിൽ ഇരുപത് ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നുവെന്നാണ് കണക്ക്. അച്ചടിച്ചിട്ടുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നാൽ പുതിയതായി 30 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം.

ഈ വർഷം 90 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകൾ വിൽക്കാനാണ് ലോട്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചാൽ 225 കോടി രൂപ വരുമാനം ലഭിക്കും.

സെപ്റ്റംബർ 20ന് നറുക്കെടുപ്പ് ദിവസമാകുമ്പോഴേക്കും 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ പ്രതിദിനം ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് വിൽക്കുന്നത്.

സെപ്റ്റംബർ ആദ്യവാരം മുതൽ ഇത് കുത്തനെ വർദ്ധിക്കുമെന്നാണ് വിൽപ്പനക്കാരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം 72 ലക്ഷം ലോട്ടറിയാണ് അച്ചടിച്ചത്. ഇതില്‍ 6979589 ടിക്കറ്റുകൾ വിറ്റഴിച്ചിരുന്നു.

പത്തു കോടി രൂപയാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. ഒന്നാം സമ്മാനമടക്കം 61.81 കോടി രൂപയാണ് ഇത്തവണ ഓണം ബമ്പർ നറുക്കെടുപ്പിൽ നൽകുന്നത്.

ലോട്ടറി വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ പകുതിയോളം സമ്മാനമായി നൽകണമെന്നാണ് സർക്കാർ നയം.

എന്നാൽ ഇത് ബമ്പർ ടിക്കറ്റുകൾക്ക് ബാധകമല്ല. ലോട്ടറി വിൽപ്പനയുടെ 12 ശതമാനമാണ് ജിഎസ്ടി നൽകേണ്ടത്. ഈ തുകയിൽ പകുതി കേന്ദ്രത്തിന് ലഭിക്കുകയും ചെയ്യും.

Top