കെവിൻ വധം: ഉമ്മൻചാണ്ടിയെ കുടുക്കാൻ സിപിഎമ്മും സർക്കാരും; പ്രതിചേർക്കപ്പെട്ട എ.എസ്.ഐ ബിജു ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെന്ന് കോടിയേരി; എതിർപ്പുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ വധക്കേസ് പ്രതിപക്ഷത്തിനും കോൺഗ്രസിനുമെതിരെ മികച്ച ഒരു ആയുധമാക്കാനൊരുങ്ങി സർക്കാരും സിപിഎമ്മും. കേസിലെ ഇപ്പോൾ കൈക്കൂലി വാങ്ങിയതിനു പ്രതി ചേർക്കപ്പെട്ടിരിക്കുന്ന എ.എസ്.ഐ ടി.എം ബിജു ഉമ്മൻചാണ്ടിയുടെ വിശ്വസ്തനാണെന്ന വാദം ഉയർത്തിയാണ് ഇപ്പോൾ സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്തു ചേർന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ ഉന്നം വച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും, ആഭന്യന്തരമന്തിരിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെയുമായിരുന്നു. ഇരുവരുടെയും വിശ്വസ്ഥാനാണ് ടി.എം ബിജു എന്ന് പ്രചരിപ്പിക്കുക വഴി ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും തലയിലേയ്ക്കു തള്ളിവിടാനാണ് സർക്കാർ – സിപിഎം പദ്ധതി. കേസിൽ ഏറ്റവും പ്രധാനപ്പെട്ട വീഴ്ച വരുത്തിയ എ.എസ്.ഐ ടി.എം ബിജു ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും വിശ്വസ്തനായിരുന്നു എന്ന വലിയ വാദമുയർത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത്. ഇതിന്റെ ഭാഗമായി മുൻ കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ടി.എം ബിജുവിനെ പിരിച്ചു വിടുന്നതിനാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും പദ്ധതി. ഇതിന്റെ ഭാഗമായി കോട്ടയം അഡ്മിനിസ്‌ട്രേഷൻ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസുകാരുടെ വീഴ്ച സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ സംഭവത്തിൽ കോൺഗ്രസിനെതിരെ ആരോപണം ഉയന്നയിച്ച കോടിയേരി ബാലകൃഷ്ണന് തുറന്ന കത്തയച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത് എത്തിയിട്ടുണ്ട്. തനിക്കെതിരെ ഇപ്പോൾ ഉയർത്തുന്ന ആരോപണങ്ങൾ ആഭ്യന്തര വകുപ്പിന്റെ പവരാജയം മറയ്ക്കാനാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ വാദം. സംഭവത്തിൽ വീഴ്ച വരുത്തിയ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന എസ്.ഐ എം.എസ് ഷിബു, ജി.ഡി ചാർജ് എ.എസ്.ഐ സണ്ണിമോൻ, നൈറ്റ് പെട്രോളിംഗ് ചുമതലയുള്ള എ.എസ്.ഐ ടി.എം ബിജു, ഡ്രൈവർ സി.പി.ഒ അജയകുമാർ എന്നിവർക്കുള്ള കുറ്റാരോപണ മെമ്മോ ഇന്ന് നൽകും. ഇവരുടെ മറുപടി ലഭിച്ചാൽ തുടർ നടപടികൾ ആരംഭിക്കും. മൂന്നു മാസത്തിനുള്ളിൽ നാലു പേരെയും സർവീസിൽ നിന്നു നീക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഒരു പൊലീസുകാരനെ സർവീസിൽ നിന്നു പിരിച്ചു വിടണമെങ്കിൽ ആദ്യം കൃത്യമായ അന്വേഷണം നടക്കണം. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഐ.ജി റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായാണ് ഇവർക്കു കുറ്റാരോപണ മെമ്മോ നൽകുക. ഈ മെമ്മോയ്ക്കുള്ള മറുപടിയായി ഇവർ നൽകുന്ന കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്നു സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തും. കുറ്റാരോപിതരുടെ മൊഴിയും സംഭവവും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നു കണ്ടെത്തിയാൽ പിരിച്ചു വിടാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകും. ഈ നോട്ടീസിനു മറുപടി ലഭിക്കുന്ന മുറയ്ക്ക് പിരിച്ചു വിടലിലേയ്ക്കു കടക്കുമെന്നാണ് സൂചന.
മേയ് 27 നാണ് മാന്നാനം പള്ളിത്താഴെയുള്ള വീട്ടിൽ നിന്നും നട്ടാശേരി എസ്.എച്ച്. മൗണ്ട് പിലാത്തറയിൽ കെവിൻ പി.ജോസഫി(23)നെയും ബന്ധുവായ അനീഷിനെയും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ്ത്. കെവിന്റെ വധു പുനലൂർ സ്വദേശി നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കനാലിൽ തള്ളിയത്. 29 തിങ്കളാഴ്ച പുലർച്ചെ പുനലൂർ – തെന്മല റോഡിലെ ചാലിയേക്കര തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ആരോപണ വിധേയരായ നാല് ഉദ്യോഗസ്ഥരും നിലവിൽ സസ്‌പെൻഷനിലാണ്.
കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസുകാർക്ക് വീഴ്ചയുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരെ സേനയിൽ നിന്നും പിരിച്ചു വിടാനുള്ള നടപടികളും ആരംഭിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് ഡിവൈ.എസ്.പിയുടെ അന്വേഷണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top