ടെഹ്റാൻ: യുഎസ് പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു. ഇറാന്റെ നേതൃ കൗൺസിലിലേക്ക് അയത്തുല്ല അലിറേസ അറഫിയെ നിയമിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പരമോന്നത നേതാവിന്റെ ചുമതല നിറവേറ്റുന്നത് ഈ നേതൃ സംഘടനയാണ്. മുൻ ആഭ്യന്തരമന്ത്രി അഹമദ് വാഹിദി IRGC യുടെ പുതിയ തലവനാകും. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 747 പേര്‍ക്ക് പരിക്കേറ്റു. ഇറാനിലെ ഹാര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 108 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ഇറാനിലെ ജിംനേഷ്യത്തില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായി. ബഹ്‌റൈന്‍, കുവൈത്ത്, അബുദാബി, ഖത്തര്‍, ദോഹ, ദുബായ് അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടന്നു. ബഹ്‌റൈനില്‍ ജനവാസ മേഖലയില്‍ ആക്രമണം നടന്നു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകം മുസ്ലിങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അവകാശവും കടമയുമാണെന്ന് പെസഷ്‌കിയാൻ വ്യക്തമാക്കി.
അമേരിക്കയുടെ നടപടിക്കെതിരെ കടുത്ത രീതിയില്‍ തന്നെ തിരിച്ചടിക്കുമെന്ന് ഇറാന്‍ ഭരണകൂടം പ്രതികരിച്ചിട്ടുണ്ട്.ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ഇല്ലാതാക്കാൻ അമേരിക്കയും ഇസ്രയേലും നടത്തിയത് വൻ മുന്നൊരുക്കമായിരുന്നു. ഇക്കഴിഞ്ഞ ജൂണിലെ പന്ത്രണ്ടുദിന യുദ്ധമാണ്, ഇന്നലെ നടത്തിയ ആക്രമണത്തിൽ വൻ വഴിത്തിരിവായത്.
ഖമനയിയുടെയും ഇറാൻ ഭരണതലപ്പത്തെ മറ്റ് ഉന്നതരുടെയും ചെറുചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു. ജൂണിലെ യുദ്ധസമയത്ത് സ്വയം സുരക്ഷിതരാകാൻ ഇറാനിയൻ നേതാക്കൾ പരാജയപ്പെട്ടത് നീക്കങ്ങളിൽ വഴിത്തിരിവായി. ടെഹ്റാൻ നഗരത്തിന്റെ ഹൃദയഭാഗത്ത് ശനിയാഴ്ചകളിൽ രാവിലെ നേതാക്കൾ പതിവായി യോഗം ചേരുന്നത് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ഊഹാപോഹങ്ങൾ ഏറെയുണ്ടായെങ്കിലും, ഈ സമയങ്ങളിലൊന്നും ഖമനയി മറ്റെവിടെയും പോയിരുന്നില്ല.
ഈ വിവരങ്ങൾ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് ഓപ്പറേഷൻ എപിക് ഫ്യൂറിയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറെടുത്തത്. ഇരുട്ടിവെളുക്കും മുന്നേ ആക്രമണം. രാവിലെ ആറ് മണിക്ക് ഇസ്രയേലിൽ നിന്ന് ടെഹ്റാൻ ലക്ഷ്യമിട്ട് യുദ്ധവിമാനങ്ങൾ പറന്നു. രണ്ട് മണിക്കൂറും അഞ്ച് മിനുട്ടുമെടുത്ത് ലക്ഷ്യസ്ഥാനത്ത് ആക്രമണം. ലഭിച്ച വിവരങ്ങൾ ശരിവയ്ക്കും വിധം അടുത്തടുത്ത കെട്ടിടങ്ങളിൽ സ്ഫോടനം. അതിൽ ഒന്നിൽ ആയത്തുല്ല ഖമനയിയും കുടുംബാംഗങ്ങളും. തൊട്ടടുത്ത കെട്ടടത്തിൽ മറ്റ് ഉന്നതരും.










