കൊച്ചിയിൽ മതവിശ്വാസത്തിന്‍റെ പേരിൽ രക്തം സ്വീകരിക്കാത്ത യുവതി ഗുരുതരാവസ്ഥയിൽ

മതവിശ്വാസത്തിന്റെ പേരിൽ രക്തം സ്വീകരിക്കാത്ത യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡെങ്കിപ്പനി ബാധിച്ച് കൊച്ചി കാക്കനാട് സൺറൈസ് ആശുപത്രിയിൽ കഴിയുന്ന 25കാരിയാണ് രക്തം കയറ്റാൻ വിസമ്മതിച്ചത്.

ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ച മുൻപാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹീമോഗ്ലോബിന്റെയും പ്ലേറ്റ് ലെറ്റിന്റെയും അളവ് കുറഞ്ഞ് ആരോഗ്യനില വഷളായ യുവതി ഒരു കാരണവശാലും രക്തം സ്വീകരിക്കാൻ സമ്മതിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യഹോവ സാക്ഷികൾ എന്ന വിഭാഗത്തിൽപ്പെടുന്ന തങ്ങൾക്ക് രക്തം സ്വീകരിക്കാൻ പാടില്ലെന്നാണ് യുവതിയും കുടുംബവും പറഞ്ഞത്.

അതേസമയം, യുവതിയുടെ ആരോഗ്യനില വഷളായതിനാൽ പോലീസിന്റെ സഹായത്തോടെയെങ്കിലും ചികിത്സ നൽകണമെന്ന് പിടി തോമസ് എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തുടർന്ന് വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിയെടുക്കാൻ കൊച്ചി പോലീസിന് നിർദേശം നൽകി. ആശുപത്രിയിലെത്തിയ തൃക്കാക്കര എസിപി പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.

‍ഡെങ്കിപ്പനി ബാധിച്ച യുവതിയെ ആദ്യം കളമശേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. പിന്നീടാണ് കാക്കനാട്ടെ സൺറൈസ് ആശുപത്രിയിലെത്തിച്ചത്.
യുവതിയുടെ കുടുംബവും രക്തം കയറ്റാൻ വിസമ്മതിച്ചതോടെ മരുന്നുകൾ ഉപയോഗിച്ച് അപകടനില തരണം ചെയ്യാനാണ് ഡോക്ടർമാർ ആദ്യം ശ്രമിച്ചത്.

എന്നാൽ മരുന്നുകൾ കൊണ്ട് മാത്രം ആരോഗ്യനില മെച്ചപ്പെടില്ലെന്ന് ഡോക്ടർമാർ ആവർത്തിച്ച് പറഞ്ഞിട്ടും യുവതിയും കുടുംബവും വഴങ്ങിയില്ല.

രക്തം കയറ്റാൻ വിസമ്മതിച്ചതോടെ മരുന്നുകൾ മാത്രം ഉപയോഗിച്ച് യുവതിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. 25കാരിയുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Top