തര്‍ക്കമൊഴിഞ്ഞു സ്‌ഥാനാര്‍ഥി നിര്‍ണയം പൂർണമായി!നേമത്ത് കെ മുരളീധരൻ.ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ.പ്രഖ്യാപനം ഇന്ന്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കുഴക്കിയ കുണ്ടറ, കൊല്ലം, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തര്‍ക്കങ്ങള്‍ കോൺഗ്രസ് പരിഹരിച്ചു. രാത്രി വൈകിയും നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ഈ മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമുണ്ടായത്‌. ഇന്നു രാവിലെ സ്‌ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുാനാണ്‌ നീക്കം. കൊല്ലത്ത്‌ ബിന്ദു കൃഷ്‌ണയും കുണ്ടറയില്‍ പി.സി. വിഷ്‌ണുനാഥും തുപ്പൂണിത്തുറയില്‍ കെ. ബാബുവും നേമത്തു കെ. മുരളീധരനും വട്ടിയൂര്‍ക്കാവില്‍ കെ.പി. അനില്‍കുമാറും സ്‌ഥാനാര്‍ഥികളാകും . വിഷ്‌ണുനാഥിനും കെ. ബാബുവിനുമായുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ ഫലം കാണുകയായിരുന്നു. കൊല്ലത്ത്‌ ബിന്ദുവിനായി പ്രതിഷേധം ശക്‌തമായതോടെ അവിടെ പരിഗണിച്ചിരുന്ന വിഷ്‌ണുനാഥിനെ കുണ്ടറയിലേക്കും കുണ്ടറയില്‍ പരിഗണിച്ചിരുന്ന ബിന്ദുവിനെ കൊല്ലത്തേക്കും മാറ്റി. നേതാക്കളില്‍നിന്ന്‌ മത്സരിക്കാന്‍ തയാറെടുക്കാന്‍ അറിയിപ്പ്‌ ലഭിച്ചതായി ബിന്ദുവും ബാബുവും സ്‌ഥിരീകരിച്ചു.

ഒന്നും നഷ്ടപ്പെടാനില്ലാത്ത കെ മുരളീധരൻ നേമത്ത് ബലിയാടാകും .ഉമ്മൻ ചാണ്ടിയും തരൂരും രമേശ് ചെന്നിത്തലയും ഓടി രക്ഷപ്പെട്ട സ്ഥലത്തേക്ക് കെ മുരളീധരൻ എത്തുകയാണ് .തോറ്റാലും കയ്യിൽ ഇരിക്കുന്ന എം പി സ്ഥാനം നഷ്ടപ്പെടില്ല .മറിച്ച് കേരള രാഷ്ട്രീയത്തിൽ സജീവമാകും .ഒരു പക്ഷെ അടുത്ത കെപിസിസി പ്രസിഡന്റാകുന്നത് കെ മുരളീധരൻ ആയിരിക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമം പിടിക്കാൻ കോൺഗ്രസ് കരുത്തനായ സ്ഥാനാർഥിയെ നിയോഗിക്കുമെന്ന വാർത്ത കഴിഞ്ഞ രണ്ടു ദിവസമായി പ്രചരിച്ചിരുന്നു. ഹൈക്കമാൻഡ് നിർദ്ദേശം അനുസരിച്ച് ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് സ്ഥാനാർഥിയാകുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നേമത്തും പുതുപ്പള്ളിയിലും ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന വാർത്ത പരന്നത്.

നേമത്തു മൽസരിക്കാൻ സന്നദ്ധനാണെന്നും എവിടെ മൽസരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലും അനുസരിക്കുമെന്നും മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയെ നേമത്തു മൽസരിപ്പിക്കുമെന്ന വാർത്തകളെത്തുടർന്ന് ശനിയാഴ്ച പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ, ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, പ്രവർത്തകരുടെ വികാരം മാനിച്ച് പുതുപ്പള്ളിയിൽത്തന്നെ മൽസരിക്കുമെന്നും ഹൈക്കമാൻഡിനു തീരുമാനമെടുക്കാമെന്നും ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു. രണ്ടിടത്തു മൽസരിക്കാനില്ലെന്നു പറഞ്ഞ ഉമ്മൻ ചാണ്ടി, ഞായറാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും അറിയിച്ചിരുന്നു.

നേമത്ത് കരുത്തനായ ഒരു നേതാവിനെ മൽസരത്തിനിറക്കി കേരളത്തിലാകെ ന്യുനപക്ഷ വെട്ടു പെട്ടിയിലാക്കി കോൺഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടുള്ള പി ആർ വർക്കായിരുന്നു കോൺഗ്രസിന്റേത് .ഈ വാർത്തകൾ സജീവമാക്കി നിർത്തി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ പേരുകൾ ഉയർന്നത്. ഉമ്മൻ ചാണ്ടി പിൻമാറിയതിനെ തുടർന്നാണ് ഹൈക്കമാൻഡ് മുരളീധരനോട് മൽസരിക്കാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.

എൽഡിഎഫിന്റെ സ്ഥാനാർഥിയായി സിപിഎമ്മിലെ വി.ശിവൻകുട്ടി നേമത്ത് ഇതിനകം പ്രചാരണരംഗത്ത് സജീവമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ ബിജെപി സ്ഥാനാർഥിയായി നിലവിലെ നിയമസഭാംഗം ഒ.രാജഗോപാലിനു പകരം മുൻ സംസ്ഥാന പ്രസിഡന്റു കൂടിയായ കുമ്മനം രാജശേഖരൻ തന്നെയാകും നേമത്ത് രംഗത്തിറങ്ങുക.

തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിർദ്ദേശം ലഭിച്ചതായി കെ.ബാബു സ്ഥിരീകരിച്ചു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.ബാബു അറിയിച്ചു. ബാബുവിനെ തന്നെ ഇവിടെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന വികാരം പ്രാദേശിക നേതാക്കൾ ശനിയാഴ്ച സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു.

കൊല്ലത്ത് മൽസരിക്കാൻ അനുമതി ലഭിച്ചതായി ബിന്ദു കൃഷ്ണയും അറിയിച്ചു ഞായറാഴ്ച മുതൽ പ്രചാരണം തുടങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മൂന്നു മുന്നണികൾക്കും സ്വാധീനമുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ.പി.അനിൽകുമാറാകും കോൺഗ്രസ് സ്ഥാനാർഥിയെന്നും സൂചനയുണ്ട്.

ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി നേതൃത്വം എഐസിസിക്ക് കത്തയച്ചിരുന്നു. ഉമ്മന്‍ചാണ്ടി എത്തിയതോടെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഒരു പ്രവർത്തകൻ വീടിന്റെ പുരപ്പുറത്ത് കയറി പ്രതിഷേധം മുഴക്കി. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിക്കാർക്ക് വേണമെന്നും ഒരു കാരണവശാലും വിട്ടുതരില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

ജസ്റ്റിൻ എന്ന കോണ്‍ഗ്രസ് പ്രവർത്തകനാണ് വീടിന് മുകളിൽ കയറി പ്രതിഷേധിച്ചത്. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പുനൽകിയാലേ താഴെ ഇറങ്ങൂവെന്ന് വിളിച്ചുപറഞ്ഞായിരുന്നു പ്രവർത്തകന്റെ പ്രതിഷേധം. ഒടുവിൽ ഉമ്മൻചാണ്ടി ജസ്റ്റിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രിയപ്പെട്ട നേതാവ് സമാധാനപ്പിച്ചതോടെയാണ് ജസ്റ്റിൻ താഴെ ഇറങ്ങിയത്. ഹൈക്കമാൻഡ് അല്ല, ആരു ശ്രമിച്ചാലും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ നിന്ന് മാറാൻ അനുവദിക്കില്ലെന്ന് ജസ്റ്റിൻ പറഞ്ഞു.

സാർ വിളിച്ച്, ആശങ്കപ്പെടാൻ യാതൊന്നുമില്ലെന്ന് ഉറപ്പുനൽകിയ ശേഷമാണ് ഞാൻ താഴെ ഇറങ്ങിയത്. പക്ഷെ പുതുപ്പള്ളിയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ശ്രമിച്ചാൽ ഇതിലും വലിയ പ്രതിഷേധമുണ്ടാകും. ഹൈക്കമാൻഡ‍ോ, സോണിയാ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ ആരായാലും ഉമ്മൻചാണ്ടിയെ മാറ്റാൻ ശ്രമിച്ചാൽ ഞങ്ങൾ സമ്മതിച്ചുതരില്ല.

അതേസമയം ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിയുടെ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാന നേതൃത്വം നിലവില്‍ നല്‍കിയിരിക്കുന്ന സാധ്യതാ പട്ടികയില്‍ കേന്ദ്രനേതൃത്വം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നാളെയോടെയെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കൂ. സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുകയാണ്.

തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പേര് ഉള്‍പ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിച്ചേക്കും. സന്ദീപ് വാര്യര്‍ക്കുവേണ്ടി പരിഗണിച്ച കൊട്ടാരക്കരയില്‍ ചലച്ചിത്രതാരം വിനു മോഹനെ പരിഗണിക്കുന്നുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതും പരിഗണനയിലുണ്ട്.

എ പ്ലസ് മണ്ഡലങ്ങള്‍ക്ക് പുറമേ മറ്റു മണ്ഡലങ്ങളിലും കരുത്തനായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബിജെപി ആസ്ഥാനത്തെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിപട്ടിക അംഗീകരിക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ എപ്ലസ് മണ്ഡലങ്ങളിലുള്ള സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.

കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലില്‍ കാര്യമായ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ വരുത്തിയത്. സുരേഷ്‌ഗോപിയും, ശോഭാ സുരേന്ദ്രനും മത്സരിക്കും. ചര്‍ച്ചയുടെ ഒരുഘട്ടത്തില്‍ നേമത്ത് സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്നെങ്കിലും തൃശൂരിലോ വട്ടിയൂര്‍കാവിലോ മത്സരിക്കാനാണ് സാധ്യത. നേമത്ത് കുമ്മനം രാജശേഖരന്‍ തന്നെ മത്സര രംഗത്ത് ഉണ്ടാകും. ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്തും മത്സരിച്ചേക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും മത്സരിക്കണമെന്ന കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. 2016 ല്‍ 89 വോട്ടുകള്‍ക്ക് കൈവിട്ട മഞ്ചേശ്വരം കേന്ദ്രനേതൃത്വത്തിന്റെ സര്‍വേയില്‍ വിജയസാധ്യതയുള്ള മണ്ഡലമാണ്.

Top