അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിലെ നളിയയില്‍ പാചകവാതക വിതരണകേന്ദ്രത്തിലെ ജീവനക്കാരിയെ കൂട്ടബലാത്കാരം ചെയ്തെന്ന കേസില്‍ ബി.ജെ.പി. നേതാക്കളടക്കം എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. പ്രതി ചേര്‍ക്കപ്പെട്ടവരെ ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്നും പൂറത്താക്കി. നഗരസഭാ കൗണ്‍സിലര്‍മാരും പാര്‍ട്ടി ഭാരവാഹികളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത് പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണമായിരിക്കുകയാണ്.
പാര്‍ട്ടിയുടെ താലൂക്ക് ഒ.ബി.സി. സെല്‍ കണ്‍വീനറായ സോലങ്കിയുടെ പാചകവാതക വിതരണ കേന്ദ്രത്തിലെ ജീവനക്കാരിയായ യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി മയക്കിയശേഷം മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പ്രതികള്‍ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പലവട്ടം പീഡനം തുടര്‍ന്നു. പരാതി വിവാദമായപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു.
ഗാന്ധിധാമിലെ കൗണ്‍സിലര്‍മാരായ വസന്ത് ഭാനുശാലി, അജിത് രാംവാനി, ബി.ജെ.പി. ഗാന്ധിധാം യൂണിറ്റ് സെക്രട്ടറി ഗോവിന്ദ് പരുമലാനി, ശാന്തിലാല്‍ സോലങ്കി, ഇവരുടെ സുഹൃത്തുക്കളായ ഭരത് ചൗഹാന്‍, വിനോദ് ഠക്കര്‍, ചേതന്‍ ഠക്കര്‍, അശ്വിന്‍ ഠക്കര്‍ എന്നിവരാണ് പിടിയിലായത്.


