ജിതേഷ് ഏ വി
ഫോക്കസ് കേരള-2021 –ഭാഗം 8 തൃശൂർ
തൃശൂർ : ഹെറാൾഡ് ന്യുസ് ടിവിയും ഡെയിലി ഇന്ത്യൻ ഹെറാൾഡും നടത്തുന്ന ‘ഫോക്കസ് കേരള-2021 ‘ ഇലക്ഷൻ സർവേ ഇന്ന് തൃശൂർ ജില്ലയാണ് .13 മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ യുഡിഎഫിന് വലിയ പ്രതീക്ഷ ഒന്നും ഇല്ലായെങ്കിലും ലീഡറുടെ മകൾ അട്ടിമറി വിജയം നേടും.എന്നാൽ അനിൽ അക്കര തോൽക്കും എന്നത് കോൺഗ്രസിന് കനത്ത തിരിച്ചടി ആയിരിക്കും .തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വിജയിക്കുമെന്നും വടക്കാഞ്ചേരിയിൽ അനിൽ അക്കരക്ക് തിരിച്ചടി ഏൽക്കേണ്ടി വരുമെന്നും . പതിമൂന്നിൽ പന്ത്രണ്ടും സീറ്റും ഇടതുപക്ഷത്തിന് ലഭിക്കുമെന്നും സർവേ പറയുന്നു .
സാംസ്കാരിക കേരളത്തിന്റെ തലസ്ഥാന നഗരം. പൂരപ്പെരുമ കൊണ്ട് ലോക ഭൂപഠത്തിലിടം പിടിച്ച തൃശ്ശിവപേരൂരെന്ന തൃശ്ശൂർ. മഹാരാജാവ് രാമവർമ്മ ശക്തൻ തമ്പുരാൻ സ്ഥാപിച്ച കേരളത്തിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് തൃശ്ശൂർ. മഹാകവി വള്ളത്തോൾ സ്ഥാപിച്ച കേരള കലാമണ്ഡലം തൃശ്ശൂർ പട്ടണത്തിൽ നിന്നും അല്പം മാറി ചെറുതുരുത്തിയിൽ തല ഉയർത്തി നിൽക്കുന്നു..
മാലിക് ഇബ്നു ദിനാർ പണിതുയർത്തിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദും, റോമിലെ ബസാലിക്കാ മാതൃകയിലുള്ള പുത്തൻ പള്ളിയും ഹൈന്ദവ വിശ്വസികളുടെ പുണ്യ ക്ഷേത്രമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും എല്ലാം സ്ഥിതി ചെയ്യുന്ന മത സൗഹാർദ്ദത്തിന്റെ പുണ്യഭൂമിയാണ് തൃശ്ശൂർ.
കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ഭാരത രാഷ്ട്രീയ ഭീഷ്മാചാര്യ പട്ടം ചാർത്തി നല്കിയ ലീഡർ കെ കരുണാകരന്റെ രാഷ്ട്രീയ തട്ടകമാണ് തൃശ്ശൂർ ജില്ല. കരുണാകരന്റെ പ്രിയ്യപ്പെട്ട രണ്ട് മണ്ഡലങ്ങൾ മാളയും നേമവുമായിരുന്നു. അതിൽ മാള നിയോജക മണ്ഡലം 2008 ലെ മണ്ഡലം പുനർനിർണ്ണയത്തിലൂടെ ഇല്ലാതായി. പകരം 2011ൽ കൊടുങ്ങല്ലൂർ മണ്ഡലം രൂപം കൊണ്ടു.
പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളുള്ള തൃശ്ശൂരിൽ നിന്ന് 2016ലെ തിരഞ്ഞെടുപ്പിൽ ഒരേ ഒരു എംഎൽഎയെ യാണ് യുഡിഎഫിന് നേടാനായത്. അതും വെറും 43 വോട്ടിന്റെ പിൻബലത്തിൽ മാത്രം. മരാരിക്കുളം ഇടതുപക്ഷത്തിന് നഷ്ടമായതിനേക്കാൾ വലിയ സംഭവങ്ങളാണ് കേരള രാഷ്ട്രീയത്തിൽ പഴയ മാള യുഡിഎഫിനെ കൈവിട്ടത്. കോൺഗ്രസ്സ് കരുണാകരനെ പിന്തള്ളാൻ തുടങ്ങിയപ്പോൾ ലീഡറുടെ തൃശ്ശൂർ യുഡിഎഫിനെയും കൈവിട്ടു എന്നാണ് ഇവിടെ നിന്നുള്ള വാർത്തകൾ.
2016ൽ നിന്നും വലിയ മാറ്റങ്ങൾ ഇക്കുറിയും പ്രതിക്ഷിക്കേണ്ടതില്ല എന്നാണ് ഫോക്കസ് കേരളയുടെ സർവ്വേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം പേരുടേയും അഭിപ്രായം. 43 വോട്ടിന്റെ പിൻബലം പോലും വടക്കാഞ്ചേരിയിൽ ഇത്തവണ ഉണ്ടാകില്ല എന്ന കടുത്ത പ്രതിഷേധമാണ് ജില്ലയിലെ യുഡിഎഫിന്റെ ഏക എംഎൽഎക്കെതിരെ ഉയരുന്നത്. ലൈഫ്മിഷൻ ഭവന പദ്ധതി തടയിടാനും പാവപ്പെട്ടവന്റെ കൂരക്ക് പാര പണിയുവാനും മുന്നിൽ നിന്ന ജനങ്ങളോട് ആത്മാർത്ഥത ഇല്ലാത്ത വെറും വേഷം കെട്ട് രാഷ്ട്രീയക്കാർ എന്നാണ് കോൺഗ്രസ്സുകാരെ പറ്റി വേദനയോടെ എതാനും അമ്മമാർ പറഞ്ഞത്.
തൃശ്ശൂർ നിയോജക മണ്ഡലത്തിൽ നിന്നു മാത്രമാണ് യുഡിഎഫിനും കോൺഗ്രസ്സിനും അല്പം ആശ്വാസ വാർത്തകൾ കേൾക്കാനാകുന്നത്. ഇടതുപക്ഷ മുന്നണി സർക്കാറിന്റെ മികച്ച മന്ത്രി കൂടിയായ അഡ്വ: വിഎസ്സ് സുനിൽകുമാർ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ അദ്ദേഹം ഇല്ല എങ്കിൽ ഞങ്ങൾ പത്മജ വേണുഗോപാലിനൊപ്പം എന്ന് ഉശിരോടെ പറയുന്ന കഴിഞ്ഞ തവണ ഇടതു പക്ഷത്തിനു വോട്ടു ചെയ്ത നിരവധി വോട്ടർമാരെ ഇവിടെ കാണാൻ സാധിച്ചു.
അതിന്റെ കാരണം അന്വേഷിച്ച ഞങ്ങളുടെ ടീം ന് ലഭിച്ച മറുപടി അമ്പരപ്പിക്കുന്നത് തന്നെയാണ്. യാതോരു സർക്കാർ അധികാരസ്ഥാനങ്ങൾ ഇല്ലാതിരുന്നിട്ടും ലീഡർ കെ കരുണാകരന്റെയും അവരുടെ പ്രിയ പത്നി കല്യാണിക്കുട്ടിയമ്മയുടേയും പേരിൽ മകൾ പത്മജ വേണുഗോപാൽ നിശബ്ദ്ധമായി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇതിനകം തന്നെ വീടില്ലാത്ത പാവപ്പെട്ട നിരവധി ആളുകൾക്ക് അവർ സ്വന്തം നിലയിൽ വീടുവെച്ചു കൊടുത്തിട്ടും അതൊന്നും എവിടെയും പറയാത്തത് അവരുടെ മഹത്വമായി തൃശ്ശൂർകാർ വാഴ്ത്തുന്നു. അതോടൊപ്പം കുട്ടികളുടെ പഠന ചിലവുകളും ചികിത്സാ സഹയങ്ങളും ഒക്കെയായി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈയ്യും കണക്കുമില്ല എന്നു തൃശ്ശൂർകാർ പറയുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം പാവപ്പെട്ടവന് വീട് ഇല്ലാതാക്കാൻ പാടുപെട്ട എംഎൽഎക്ക് പകരം വീടുണ്ടാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പത്മജ വേണുഗോപാലിനെ ജനങ്ങൾ നിയമസഭയിൽ എത്തിക്കുമെന്ന്.
ഫിറോസ് കുന്നംപറമ്പലിനെ പോലുള്ള ചാരിറ്റി പ്രവർത്തനം പലതിനും മറയാക്കിയവരെ കണ്ണുമടച്ച് പിന്തുണക്കുന്ന ഒരു വിഭാഗം കോൺഗ്രസ്സ് – മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ ശബ്ദ്ധിച്ചവർ പത്മജാ വേണുഗോപാലിനെ പോലുള്ളവർ ഭരണ നേതൃസ്ഥാനങ്ങളിൽ എത്തണമെന്ന് പറഞ്ഞു വെക്കുകയും ചെയ്തു. കേരളത്തിൽ വീണ്ടും മുഖ്യമന്ത്രിയായി പിണറായി വിജയൻ വരണമെന്നും തൃശ്ശൂരിൽ പത്മജാ വേണുഗോപാൽ ജയിക്കണമെന്നും പറഞ്ഞവരുടെ രാഷ്ട്രീയം എന്തെന്ന ചോദ്യത്തിന് കഴിവുള്ളവരെ അംഗീകരിക്കുന്ന വികസനത്തിന്റെയും നന്മയുടേയും രാഷ്ട്രീയം എന്ന മറുപടിയാണ് കിട്ടിയത്.
Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.
തൃശ്ശൂർ ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളിൽ തൃശ്ശൂർ മാത്രമാണ് ഇത്തവണ യുഡിഎഫിന് നേടാനാകുക എന്നാണ് ഫോക്കസ് കേരള സർവ്വേയുടെ വിലയിരുത്തലുകൾ. ചേലക്കര, കുന്ദംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നി പന്ത്രണ്ട് മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിച്ച് 2016ലെ സിറ്റ് ബലം നിലനിർത്തുമെന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന സാഹചര്യമാണ് നിലവിൽ എന്നതാണ് ഫോക്കസ് കേരളയോട് മനസ്സു തുറന്നവരുടെ വാക്കുകളിൽ നിന്നും വ്യക്തമാക്കപ്പെടുന്നത്.