തലസ്ഥാനത്തെ സിപിഎം ആർഎസ്എസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ സമാധാന ചർച്ചകൾ വിഫലം. സമാധാന ചർച്ചകൾക്കു ശേഷവും ജില്ലയിൽ അക്രമങ്ങൾ അരങ്ങേറുന്നു. പ്രാദേശിക മേഖലകളില്‍ അക്രമത്തിന് അയവു വന്നിട്ടില്ലെന്നാണ് സൂചനകൾ.
കാട്ടാക്കടയിൽ സിഐടിയു നേതാവിന്റെ വീടിനു നേരെ ചൊവ്വാഴ്ച രാത്രി ബോംബേറുണ്ടായി.സിഐടിയു കാട്ടാക്കട ഏരിയ സെക്രട്ടറി എം ഫ്രാൻസിസിന്‍റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആദ്യം വീടിനു നേരെ കല്ലെറിഞ്ഞ അക്രമികൾ പിന്നീട് പെട്രോൾ ബോംബും എറിഞ്ഞു. സംഭവത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ആരോപണം.
സിപിഎം ആർഎസ്എസ് സംഘർഷം നിലനിന്നിരുന്ന മേഖലയാണ് കാട്ടാക്കട. ഇതിനിടെയാണ് സിഐടിയു നേതാവിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായത്. രാത്രി 12 മണിയോടെയാണ് സംഭവം.
ബൈക്കിലെത്തിയ അക്രമികൾ ആദ്യം കല്ലേറ് നടത്തി. ഇതിനു പിന്നാലെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. പെട്രോൾ ബോംബ് പൊട്ടി വീടിന്റെ ജനൽ തകർന്നു. ആക്രമണ സമയത്ത് ഫ്രാൻസിസടക്കം എല്ലാവരും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല.
സ്ഥലത്തെ അക്രമങ്ങളെ തുടർന്ന് ഫ്രാൻസിസിന്റെ വീടിന് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. സമാധാന ചർച്ചകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വൈകിട്ടോടെ സുരക്ഷ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്.


