സി.പി.എം സഹയാത്രികരായ നാലു സിനിമാക്കാർ സ്വർണ്ണക്കടത്തിൽ കുടുങ്ങും: കുടുങ്ങുന്നവരിൽ ദമ്പതിമാരായ സിനിമാക്കാരും; സ്വർണ്ണക്കടത്ത് പണം കൊണ്ട് സിനിമയെടുത്തവരെത്തേടി എൻ.ഐ.എ

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം മലയാളത്തിലെ സി.പി.എമ്മിന്റെ സഹയാത്രികരായ നാലു സിനിമാക്കാരിലേയ്ക്ക് എത്തുന്നു. സർക്കാരിന്റെ പദവി വഹിക്കുന്ന ഒരു സംവിധായകനും, സി.പി.എമ്മിന്റെ അനുഭാവികളായ താര ദമ്പതിമാരെയും അടക്കം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ കേരളത്തിൽ റിലീസ് ചെയ്ത നാലു സിനിമകൾക്കു പണം മുടക്കിയത് സ്വർണ്ണക്കടത്ത് മാഫിയ ആണെന്നു എൻ.ഐ.എ സംഘത്തിനു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.എ സംഘം പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെയാണ് സംസ്ഥാന സർക്കാരും, സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള താര ദമ്പതിമാരിലേയ്ക്കും അന്വേഷണം എത്തുന്നത്.

നേരത്തെ കൊച്ചി കേന്ദ്രീകരിച്ചു നടന്ന ലഹരി മാഫിയ സംഘവുമായി ഈ താര ദമ്പതിമാർക്കു ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിലും ഈ ദമ്പതിമാർക്ക് ബന്ധമുണ്ടെന്ന സൂചനയാണ് പുറത്തു വരുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ ഈ താര ദമ്പതിമാരുടെയും, സർക്കാരിന്റെ ഔദ്യോഗിക പദവി വഹിക്കുന്ന സംവിധായകനെയും എൻ.ഐ.എ ചോദ്യം ചെയ്താൽ സ്വാഭാവികമായും സർക്കാർ പ്രതിക്കൂട്ടിലാകും. മലയാള സിനിമാ മേഖലയിലെ സ്വർണ്ണക്കടത്തുമായി ബന്ധമുള്ളവരുടെയെല്ലാം പേരുകൾ സ്വർണ്ണക്കടത്ത് കേസിൽ നിലവിൽ അറസ്റ്റിലായ പ്രതികളിൽ നിന്നും എൻ.ഐ.എയ്ക്കു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന ലഭിക്കുന്നത്.

സ്വർണ്ണക്കടത്തിലൂടെ കൊണ്ടു വരുന്ന കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നടപടികളാണ് പ്രധാനമായും സിനിമാ നിർമ്മാണത്തിലൂടെ സംഘം ലക്ഷ്യമിട്ടിരുന്നത്. ഈ രീതിയിലാണ് ഓരോ സിനിമയും നിർമ്മിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ തെളിവുകൾ മലയാള സിനിമയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ പുറത്തു വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Top