മലയാളി വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നില്‍ മോഷ്ടാക്കള്ളല്ലെന്ന് പോലീസ്; നിര്‍മ്മാണ കരാറുകാരനിലേയ്ക്ക് അന്വേഷണം

ചെന്നൈ: കഴിഞ്ഞദിവസം ചെന്നൈയില്‍ പ്രമുഖ മലയാളി വനിതാ ഡോക്ടര്‍ രോഹിണി പ്രേംകുമാരി(62) കൊല്ലപ്പെട്ടത് മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള പകയില്‍.

ഈയിടെ വീടിനു ചുറ്റും ഇന്റര്‍ലോക്ക് ടൈലുകള്‍ പാകിയ കരാറുകാരനുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകം ഉണ്ടായതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നഗരത്തിലെ ഏറെ തിരക്കുള്ള പ്രദേശത്ത് ഏകദേശം 25 സെന്റോളം സ്ഥലത്താണ് ഇവരുടെ ഇരുനില വീട്. വര്‍ഷങ്ങള്‍ക്കു മുന്‍പു കേരളത്തില്‍നിന്നു ചെന്നൈയിലേക്കു കുടിയേറിയതാണു ഡോ. രോഹിണിയുടെ കുടുംബം. ഇവര്‍ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്.
അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഡോ. രോഹിണി പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും പ്രവര്‍ത്തിച്ചിരുന്നു. പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇവിടുത്തെ മലയാല്‍കൂട്ടായ്മകളിലും സജീവമായിരുന്ന ഡോക്ടറുടെ കൊലപാതകം സമീപവാസികളെ ഞെട്ടിച്ചിട്ടുണ്ട്. അര്‍ബുദ ചികില്‍സാ രംഗത്തെ പ്രമുഖ ഡോക്ടറായിരുന്നു രോഹിണി. കൊല്ലം ജില്ലയിലാണ് ഇവരുടെ കുടുംബ വേരുകള്‍ ഉള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഗ്മൂര്‍ റയില്‍വേ സ്റ്റേഷനുസമീപം ഗാന്ധി ഇര്‍വിന്‍ റോഡിലുള്ള വീടിനടുത്ത് ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയാണ് ഇരുകൈകളും കയറുകൊണ്ടു കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നു. മുഖത്തും തലയ്ക്കു പിന്നിലും ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍, ശ്വാസംമുട്ടിച്ചാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ഡോ. രോഹിണി തൊണ്ണൂറു വയസ്സുള്ള അമ്മ ഡോ. സുഭദ്ര നായര്‍ക്കൊപ്പമാണു താമസിച്ചിരുന്നത്. ഭര്‍ത്താവ് ജോണ്‍ കുരുവിള വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചതാണ്. ഏക മകള്‍ രശ്മി ചെന്നൈയില്‍ തന്നെ മറ്റൊരു വീട്ടിലാണു താമസം. യേര്‍ക്കാട്ടു പോയിരുന്ന രശ്മി ശനിയാഴ്ച രാത്രി ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയില്ലത്രേ.

പ്രായത്തിന്റെ അവശതമൂലം മുറിയില്‍ തന്നെ കഴിയുന്ന ഡോ. സുഭദ്രയുടെ കിടക്കയോടു ചേര്‍ന്നു കോളിങ് ബെല്ലുണ്ട്. ഇന്നലെ രാവിലെ ഭക്ഷണം കിട്ടാതെ ബെല്ലടിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അടുത്ത വീട്ടിലെ സഹായി പരമശിവത്തെ ഫോണില്‍ വിളിച്ചു. ഇയാള്‍ എത്തിയപ്പോഴാണ് വീടിനോടു ചേര്‍ന്നു വെറും നിലത്തു രോഹിണിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ടീ ഷര്‍ട്ടും ഷോര്‍ട്‌സും ഷൂസും ധരിച്ചിരുന്നു. അടുത്തു മണ്‍വെട്ടി തുടങ്ങിയ പണിയായുധങ്ങളുമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടിരിക്കാമെന്നാണു കരുതുന്നത്. കവര്‍ച്ചയല്ല ലക്ഷ്യമെന്നും മുന്‍വൈരാഗ്യം പോലെയുള്ള സാധ്യതകളാണ് അന്വേഷിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ചെന്നൈ സിറ്റി പൊലീസാണ് അന്വേഷണം നടത്തുന്നത്. പ്രമുഖ കാന്‍സര്‍ ചികിത്സാ ഡോക്ടറാണ് കൊല്ലപ്പെട്ടത് എന്നതിനാല്‍ അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ചിട്ടുണ്ട്. മൃതദേഹം കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഡോ. രോഹിണി ചെന്നൈ വി എസ് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.

Top