ലിസ്ബണ്‍: പോര്‍ച്ചുഗലിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ എംബസി ജീവനക്കാരനായ മലയാളിയും ഭാര്യയും മരിച്ചു. കോട്ടയം പാലാ ഇടപ്പാടിയിലെ മുന്നാരത്ത് വീട്ടില്‍ എം ഡി ഡൊമിനിക്(53), ഭാര്യ ബെസ്റ്റി ഡൊമിനിക്(48) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മകന്‍ ദേവ് ഡൊമിനിക്കിനും ഗുരുതരമായി പരിക്കേറ്റു. വിദ്യാര്‍ത്ഥി കൂടിയായ ദേവിനെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. പോര്‍ച്ചുഗല്‍ സമയം ഇന്നലെ വൈകീട്ട് ആറിനാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പോര്‍ച്ചുഗലില്‍ തലസ്ഥാനത്തുള്ള ലിസ്ബനിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനായിരുന്നു ഡൊമിനിക്. ലിസ്ബണില്‍ തന്നെ ജോലി ചെയ്യുന്ന മകളെ കണ്ട ശേഷം സ്ഥലങ്ങള്‍ കണ്ട് തിരികെമടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടാണ് രണ്ട് പേരും മരിച്ചത്. അപകടമുണ്ടായ സ്ഥലത്തു തന്നെ ഡൊമിനിക്കും ഭാര്യയും തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവിനെ ലിസ്ബനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്വിറ്റ്സര്‍ലണ്ട്, യുകെ തുടങ്ങിയ ഇന്ത്യന്‍ എംബസികളിലും ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഡൊമിനിക്. അടുത്തിടെയാണ് അദ്ദേഹം ലിസബണിലെ എംബസിയില്‍ എത്തിയതും. ഒരാഴ്ച്ച മുമ്പ് ഇവരുടെ മകള്‍ റോസ് മരിയ ഡൊമിനിക്കിന് അടുത്തിടെ ലിസ്ബണില്‍ തന്നെ ജോലി ലഭിച്ചിരുന്നു. മകള്‍ പാലയിലെ എന്‍ജിനീയറിങ് പഠനത്തിന് ശേഷമാണ് വിദേശത്ത് ജോലിക്കെത്തിയത്. കൂടി പോര്‍ച്ചുഗലില്‍ എത്തിയതോടെ കുടുംബം വളരെ സന്തോഷത്തിലായിരുന്നു. ലിസബണ്‍ നഗരം ചുറ്റിക്കാണുന്ന തിരക്കിലായിരുന്നു ഏതാനും ദിവസങ്ങളായി ഡൊമിനിക്കും കുടുംബവും.
മകള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും ദേവിനെയും കൂടി ഡൊമിനിക്കും ബെസ്റ്റിയും ചേര്‍ന്ന് പോര്‍ച്ചുഗലിലെ പ്രശസ്തമായ പള്ളി സന്ദര്‍ശിക്കുകയായിരുന്നു. ഇങ്ങനെ സന്ദര്‍ശനം കഴിഞ്ഞുള്ള മടക്കയാത്രയാണ് കുടുംബത്തിന്റെ അന്ത്യയാത്രയായത്. മാതാപിതാക്കള്‍ അപകടത്തില്‍ മരിക്കുകയും സഹോദരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതോടെ മകള്‍ റോസ് മരിയ ജീവിതത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മൃതദേഹം നാട്ടിലെത്തിക്കുമോ എന്നകാര്യം വ്യക്തമായിട്ടില്ല.
കോട്ടയത്തെ പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗമാണ് മരിച്ച ബെസ്റ്റി. വ്യാപാരി വ്യവസായി ഏകോദപനെ സമിതി സ്റ്റേറ്റ് ട്രഷറര്‍ ആയിരുന്ന ടിഡി ജോസഫിന്റെ മകളാണ്.
ചിത്രം കടപ്പാട് ബ്രിട്ടീഷ് മലയാളി


